അവകാശികളില്ലാതെ സംസ്ഥാനത്തെ ബാങ്കുകളിലുള്ളത് 2,133.72 കോടി രൂപ; കൂടുതൽ തുക എറണാകുളം ജില്ലയിൽ

അവകാശികളില്ലാതെ സംസ്ഥാനത്തെ ദേശസാൽക്കൃത ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും കിടക്കുന്ന നിക്ഷേപത്തിന്റെ മൊത്തം തുക 2,133.72 കോടി രൂപയായി. ഇതിൽ ഏറ്റവും കൂടുതൽ തുക എറണാകുളം ജില്ലയിലാണുള്ളത് 307.69 കോടി രൂപ. എറണാകുളത്തിന് പിന്നാലെ തിരുവനന്തപുരം (266.30 കോടി) തൃശൂർ (241.27 കോടി) ജില്ലകളാണ് മുന്നിലുള്ളത്. സംസ്ഥാനത്തെ 9,38,027 അക്കൗണ്ടുകളിലായാണ് ഈ നിക്ഷേപങ്ങൾ അവകാശികളെ കാത്ത് കിടക്കുന്നത്.
10 വർഷത്തിലേറെയായി അവകാശികളില്ലാതെ കിടക്കുന്ന ബാങ്ക് നിക്ഷേപങ്ങൾ കണ്ടെത്തുന്നതിനായി റിസർവ് ബാങ്ക് 2023 ഏപ്രിലിൽ കേന്ദ്രീകൃത പോർട്ടൽ ആരംഭിച്ചിരുന്നു. അതിനൊപ്പം, സംസ്ഥാനത്തെ ആറ് ജില്ലകളിൽ അവകാശികളെ കണ്ടെത്തുന്നതിനായി നവംബർ 3ന് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ ലീഡ് ബാങ്കുകൾ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് ക്യാമ്പുകൾ നടക്കുക.
ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ‘ഉദ്ഗം’ പോർട്ടൽ വഴിയോ നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കാം. നിശ്ചിതകാലം അവകാശികളില്ലാതെ കിടക്കുന്ന തുകകൾ പിന്നീട് റിസർവ് ബാങ്കിന്റെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് (DEAF) ഫണ്ടിലേക്കാണ് മാറ്റുന്നത്. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ നിക്ഷേപത്തിന്റെ നിയമാനുസൃത അവകാശികൾക്ക് ഈ തുക തിരിച്ചുപിടിക്കാനാകും.
Tag: There is Rs 2133.72 crore in banks in the state without any claimants; the highest amount is in Ernakulam district



