അടിമാലിയിൽ മണ്ണിടിലിൽ പരിക്കേറ്റ സന്ധ്യയുടെ ചികിത്സാചെലവ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വഹിക്കും

ഇടുക്കി അടിമാലിയിൽ മണ്ണിടിഞ്ഞ് പരിക്കേറ്റ സന്ധ്യയുടെ ചികിത്സാചെലവ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വഹിക്കുമെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ചികിത്സാചെലവിനുള്ള നടപടികൾ കൈക്കൊള്ളാൻ NHAI പ്രോജക്റ്റ് ഡയറക്ടർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. അപകടം നടന്നതിന് ശേഷം കരാർ കമ്പനിയിലെ ആരും ബന്ധപ്പെടുകയോ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിട്ടില്ലെന്ന് സന്ധ്യയുടെ സഹോദരൻ സന്ദീപ് വ്യക്തമാക്കി.
പരിസ്ഥിതി വൈകാരികമായ പ്രദേശത്ത് ശാസ്ത്രീയ പരിശോധന നടത്താതെ ദേശീയപാത നിർമാണം മുന്നോട്ടുകൊണ്ടുപോകാൻ കരാർ കമ്പനിയെ അനുവദിച്ചതാണ് അടിമാലിയിലെ മണ്ണിടിച്ചിലിന് വഴിവെച്ചതെന്നതാണ് ആക്ഷേപം. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയ മണ്ണെടുപ്പ് ചൂണ്ടിക്കാട്ടി മരിച്ച ബിജു നേരത്തെ തന്നെ പരാതി നൽകിയിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായ അടിമാലി എട്ടുമുറി പ്രദേശത്ത് പാറ പൊട്ടിച്ചുമാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിന്റെ ഫലമായി മേൽഭാഗത്തെ ബലഹീനമായ മണ്ണ് വഴുതി വീഴുകയായിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പ്രദേശത്തുനിന്ന് 22 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നെങ്കിലും, ഭക്ഷണം കഴിച്ച് ക്യാമ്പിലേക്ക് മടങ്ങാനെത്തിയ ബിജുവും ഭാര്യ സന്ധ്യയും പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങുകയായിരുന്നു.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ രക്തയോട്ടം നിലച്ചതിനെ തുടർന്ന് ഇടതുകാൽ മുട്ടിന് താഴെ മുറിച്ചുമാറ്റേണ്ടിവന്നു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും അത് ഫലപ്രദമായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വലതുകാലിലെ പരിക്ക് ഭേദമായി വരുന്നുവെന്നും അവർ വ്യക്തമാക്കി. അടിമാലിയിലെ ഈ മണ്ണിടിച്ചിൽ ദുരന്തം കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവിച്ചത്.
Tag: National Highways Authority of India will bear the medical expenses of Sandhya, who was injured in a landslide in Adimali



