ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ മുൻനായകൻ രോഹിത് ശർമ

കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യൻ മുൻനായകൻ രോഹിത് ശർമ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും, മൂന്നാം മത്സരത്തിൽ അപരാജിത സെഞ്ചുറിയും നേടി രോഹിത് 38-ാം വയസിൽ തന്നെ ഏകദിന ക്രിക്കറ്റിലെ നമ്പർ വൺ ബാറ്റ്സ്മാൻ ആയി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയതിൽ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണദ്ദേഹം.
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് മുമ്പ് 743 റേറ്റിംഗ് പോയിന്റ് മാത്രമുണ്ടായിരുന്ന രോഹിത്, പരമ്പരയിലെ മികച്ച പ്രകടനത്തോടെ 781 പോയിന്റ് നേടി മുന്നിലെത്തി. ഈ നേട്ടത്തോടെ രോഹിത് ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി. അദ്ദേഹത്തിന് മുമ്പ് സച്ചിൻ ടെൻഡുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാൻ ഗിൽ എന്നിവരാണ് ഈ നേട്ടം നേടിയവർ.
അതേസമയം, ഗിൽ രണ്ട് സ്ഥാനങ്ങൾ പിന്നോട്ടുപോയി മൂന്നാമതെത്തി. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സാർദ്രാൻ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായെങ്കിലും, അവസാന മത്സരത്തിൽ അർധസെഞ്ചുറി നേടിയ വിരാട് കോലി ഒരു സ്ഥാനം നഷ്ടപ്പെടുത്തി ആറാമതായപ്പോൾ, രണ്ടാം ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്ത് എത്തി.
Tag: Former Indian captain Rohit Sharma tops ICC ODI rankings



