keralaKerala NewsLatest News

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് എസ്ഐറ്റി അന്വേഷണം ആരംഭിച്ചു

ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളെ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിച്ചു. 2019 മുതൽ 2025 വരെയുള്ള കാലയളവിൽ ബോർഡിൽ പ്രവർത്തിച്ച അംഗങ്ങളെയാണ് സംഘം ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. ഈ കാലഘട്ടത്തിലെ മിനിറ്റ്‌സ് രേഖകൾ സംഘം ശേഖരിച്ചിട്ടുണ്ടെന്നും അവ വിശദമായി പരിശോധിക്കുമെന്നും സൂചനയുണ്ട്. തെളിവുകൾ ശക്തമായാൽ ചോദ്യംചെയ്യലിലേക്കും അന്വേഷണം നീളുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയെ മറയാക്കി നടത്തിയ തട്ടിപ്പുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്ത്രി കുടുംബത്തിന്റെ പേരുപയോഗിച്ച് സ്വാധീനമുറപ്പിച്ചതാണെന്ന് എസ്.ഐ.ടി അന്വേഷണത്തിൽ വ്യക്തമായി. ശബരിമലയിൽ കയറിക്കൂടിയതിനു ശേഷം തന്ത്രി കുടുംബവുമായി പരിചയപ്പെട്ട പോറ്റി, അതിനെ ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ധനികരുമായി ബന്ധം സ്ഥാപിച്ചു. ദേവസ്വം ബോർഡിലെ ഉന്നതരെയും പരിചയപ്പെട്ടതോടെ, ആ ബന്ധങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ. ശബരിമലയുടെ മുഖ്യപൂജാരിയാണെന്ന് അവകാശപ്പെട്ട് പോറ്റി നിരവധി തട്ടിപ്പുകൾ നടത്തിയതായും തെളിവുകൾ കാണിക്കുന്നു.

പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ, അന്വേഷണ സംഘം ഈ വിവരങ്ങൾ റാന്നി കോടതിയിൽ സമർപ്പിക്കും. കസ്റ്റഡി കാലാവധി വീണ്ടും നീട്ടണമെന്നാവശ്യവും സംഘം ഉന്നയിച്ചേക്കും.

അതേസമയം, ശബരിമല കട്ടിലപ്പാളി കേസിലെ രണ്ടാം പ്രതിയും, ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി കേസിലെ ആറാം പ്രതിയുമായ മുരാരി ബാബുവിനെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. തുടർന്ന് ബാബുവിനെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച്, ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം നേരിട്ടു ചോദ്യം ചെയ്യുകയാണ്. സ്വർണക്കൊള്ളയിൽ ഉന്നത തല ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നത് വ്യക്തമാക്കാനാണ് അന്വേഷണം നീങ്ങുന്നത്. ഇരുവരുടെയും ആസ്തി വിവരങ്ങൾ സംഘം ശേഖരിച്ചിട്ടുണ്ടെന്നും ഇതിലും വ്യക്തത തേടുന്നുവെന്നും റിപ്പോർട്ട്.

സംസ്ഥാനത്തിന് പുറത്തുനിന്ന് തെളിവെടുപ്പ് നടത്തുന്നതിനിടെ കണ്ടെത്തിയ സ്വർണം റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. 608 ഗ്രാം. ബെല്ലാരിയിലെ വ്യവസായി ഗോവർധന്റെ പക്കൽ നിന്നാണ് ഈ സ്വർണം കണ്ടെത്തിയത്. ഇത് ശബരിമല സ്വർണപ്പാളികളുടേതാണോയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശോധന ഉടൻ നടത്തും. ഇതുകൂടാതെ, സ്മാർട്ട് ക്രിയേഷൻസ് എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചും എസ്.ഐ.ടി കൂടുതൽ അന്വേഷണം നടത്തുകയാണ്.

Tag: Sabarimala gold theft; SIT begins investigation focusing on Travancore Devaswom Board office bearers

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button