keralaKerala NewsLatest News

ഏഴ് വയസുകാരി അദിതി നമ്പൂതിരി കൊലക്കേസ്; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം ശിക്ഷ

കോഴിക്കോട് ഏഴ് വയസുകാരി അദിതി നമ്പൂതിരി കൊലക്കേസിൽ അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി. പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത് നൽകാനാവില്ലെന്നു കോടതി നിരീക്ഷിച്ചു. പ്രതികളായ സുബ്രഹ്മണ്യൻ നമ്പൂതിരിയും ദീപിക അന്തർജനവും ജീവപര്യന്തം തടവിനോടൊപ്പം 2 ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി നിർദേശിച്ചു. വിചാരണ കോടതിയുടെ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഈ തീരുമാനം കൈക്കൊണ്ടത്.

ഇന്നലെ പ്രതികളെ നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. രാമനാട്ടുകരയിൽ നിന്ന് കോഴിക്കോട് യാത്ര ചെയ്യുന്നതിനിടെയാണ് അറസ്റ്റ് നടത്തിയത്. 2013 ഏപ്രിൽ 19നാണ് അദിതിയെ ക്രൂരമായി കൊലപ്പെടുത്തിയത്. മരക്കഷ്ണം കൊണ്ടും കൈകൾകൊണ്ടും കുട്ടിയെ മർദ്ദിക്കുന്നത് പതിവായിരുന്നു. മതിയായ ഭക്ഷണം നൽകാതെ പട്ടിണിക്കിടത്തുകയും വീട്ടിലെ കഠിന ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അതിക്രൂരമായ രീതിയിൽ തിളച്ച വെള്ളം ഒഴിക്കുകയും ശരീരത്തിലെ മുറിവുകൾക്ക് ചികിത്സ നൽകാതിരിക്കുകയും ചെയ്തതും അന്വേഷണത്തിൽ വ്യക്തമായി.

ഒന്നാം പ്രതിയായ സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ ആദ്യ വിവാഹം ശ്രീജ അന്തർജനവുമായായിരുന്നു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ടായിരുന്നു. വാഹനാപകടത്തിൽ ഭാര്യ മരിച്ചതിനെ തുടർന്ന് സുബ്രഹ്മണ്യൻ രണ്ടാമതൊരു വിവാഹം കഴിച്ചു. പിന്നീട് കുട്ടികൾക്ക് നേരെ തുടർച്ചയായി പീഡനമുണ്ടായിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ട് പറയുന്നു.

കുട്ടികളെ വീട്ടിൽ പൂട്ടിയിടുക പതിവായിരുന്നു. കേസിൽ നിർണായകമായ തെളിവായി സഹോദരൻ അരുണിന്റെ മൊഴിയാണ് കോടതിയിൽ ഉദ്ധരിച്ചത്. “അച്ഛനും രണ്ടാനമ്മയും ഞങ്ങളെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു, പല ദിവസവും ഭക്ഷണം കിട്ടാതെ പട്ടിണിക്കിടക്കേണ്ടിവന്നിരുന്നു,” എന്ന് പത്ത് വയസുകാരൻ മൊഴി നൽകി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കേസിന്റെ വിധിയിൽ നിർണായകമായി. അദിതിയുടെ ശരീരത്തിൽ, സ്വകാര്യ ഭാഗങ്ങൾ ഉൾപ്പെടെ, 19 മുറിവുകളാണ് കണ്ടെത്തിയത്. ഇതിൽ തലയിൽ ഉണ്ടായ ഗുരുതരമായ അടിയേറ്റ പരുക്കാണ് മരണകാരണമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Tag: Seven-year-old Aditi Namboothiri murder case; Father and stepmother sentenced to life imprisonment

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button