കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറി; മുഹമ്മദ് ഷിയാസിനെതിരെ കേസ് ഫയൽ ചെയ്ത് ജിസിഡിഎ

കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ജിസിഡിഎയുടെ പരാതിയെ തുടർന്ന് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്യായമായി സംഘം ചേർന്നതും, അതിക്രമിച്ച് സ്റ്റേഡിയത്തിൽ കയറിയതുമാണ് കേസിലെ കുറ്റാരോപണം. സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് സംഘം സ്റ്റേഡിയത്തിൽ കയറിയതെന്നായിരുന്നു ജിസിഡിഎയുടെ പരാതി.
അർജന്റീന മത്സരത്തിനായി കലൂർ രാജ്യാന്തര സ്റ്റേഡിയം നവീകരിക്കാൻ വിട്ടുനൽകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താതെ ജിസിഡിഎ തുടരുകയാണ്. സ്റ്റേഡിയം നവീകരണത്തിന് ത്രിപക്ഷ കരാർ നിലവിലുണ്ടെന്ന് അധികൃതർ പറയുന്നുവെങ്കിലും, ആ കരാറിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികളെ സംബന്ധിച്ച വിശദാംശങ്ങൾ ജിസിഡിഎ ചെയർമാൻ വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെ, മെസിയുടെ മത്സരവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തുവന്നു. “കായിക വകുപ്പിനെ നയിക്കുന്നത് വ്യാപാര താൽപര്യങ്ങളാണ്. സ്പോൺസർക്ക് വേണ്ടി പണം ഇറക്കിയത് ചിട്ടിക്കൻപനി ഉടമയാണ്,” എന്നാണ് എം.പി ഹൈബി ഈഡന്റെ ആരോപണം.
വിവാദമായ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ, ഇന്നുമുതൽ കലൂർ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎയുടെ പൂർണ്ണ മേൽനോട്ടത്തിലാകും. എക്സിക്യൂട്ടീവ് യോഗം നിയോഗിച്ച മോണിറ്ററിംഗ് കമ്മിറ്റിയും ടെക്നിക്കൽ കമ്മിറ്റിയും ഇന്ന് സ്റ്റേഡിയം സന്ദർശിക്കും. ഇവരുടെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുക. നവംബർ 30നകം സ്റ്റേഡിയം നവീകരിച്ച് ജിസിഡിഎക്ക് കൈമാറണമെന്നതാണ് നിലവിലുള്ള കരാറിലെ വ്യവസ്ഥ.
Tag: GCDA files case against Mohammed Shias for trespassing at Kaloor Stadium



