നിയന്ത്രണം തെറ്റി; വിഴിഞ്ഞതെത്തിയ വിദേശ ചരക്കുകപ്പൽ ആഴക്കടലിലേക്ക് ഒഴുകിപ്പോയി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ വിദേശ ചരക്കുകപ്പൽ എൻജിൻ തകരാറിനെ തുടർന്ന് നിയന്ത്രണം തെറ്റി ആഴക്കടലിലേക്ക് ഒഴുകിപ്പോയി. കൊളംബോയിൽ നിന്നെത്തിയ എംവി കൈമിയ II എന്ന കപ്പൽ ചരക്കുകളുടെ കയറ്റിറക്കത്തിനായി തുറമുഖത്തേക്ക് അടുപ്പിക്കുന്നതിനിടെയാണ് നിയന്ത്രണം തെറ്റി ഒഴുകിപ്പോയത്. 27-ാം തീയതി രാത്രിയായിരുന്നു സംഭവം.
കപ്പലിലെ മൂന്ന് ജനറേറ്ററുകളിൽ രണ്ടെണ്ണം പ്രവർത്തനം നിർത്തിയതിനെ തുടർന്ന് ജീവനക്കാർ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ എൻജിൻ മുഴുവനായും തകരാറിലായി. ഇതോടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്, 28-ാം തീയതി പുലർച്ചയോടെ തുറമുഖപരിധിക്ക് പുറത്തേക്ക് ഒഴുകിപ്പോകുകയായിരുന്നു. ശക്തമായ കടലൊഴുക്കിൽപ്പെട്ട കപ്പൽ തമിഴ്‌നാട് നാഗർകോവിൽ ഭാഗത്തേക്കുള്ള ആഴക്കടലിലേക്ക് നീങ്ങിയതോടെയാണ് തുറമുഖ അധികൃതർ അടിയന്തരനടപടികൾ സ്വീകരിച്ചു.
വലിയ ടഗ്ബോട്ടുകളടക്കം രക്ഷാസംഘങ്ങൾ ഉടൻ കപ്പലിനടുത്തെത്തി. സാങ്കേതിക സംഘങ്ങൾ കപ്പലിൽ കയറി എൻജിൻ തകരാറുകൾ ഭാഗികമായി പരിഹരിച്ചതിന് പിന്നാലെ, ടഗ്ബോട്ടുകളുടെ സഹായത്തോടെ കപ്പൽ സുരക്ഷിതമായി തുറമുഖ ബെർത്തിലേക്ക് തിരിച്ചെത്തിച്ചു. സംഭവത്തെക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അന്വേഷണം ആരംഭിച്ചു. ജനറേറ്ററുകൾ തകരാറിലായതും, തുടർന്ന് എൻജിൻ പൂർണ്ണമായും നിലച്ചതുമായ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tag: Control lost; Foreign cargo ship arriving in Vizhinjam drifted into the deep sea



