നെയ്യാറ്റിന്‍കരയില്‍ ചെമ്പല്ലി മീന്‍ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; നാല്പതോളം പേര് ആശുപത്രിയില്‍

നെയ്യാറ്റിന്‍കരയില്‍ മീന്‍ കഴിച്ചതിനെ തുടര്‍ന്ന് വ്യാപകമായ ഭക്ഷ്യവിഷബാധ. നാല്പതോളം പേര് ആശുപത്രിയില്‍ പ്രവേശിച്ചു. ചെമ്പല്ലി മീന്‍ കഴിച്ചതിന് പിന്നാലെയാണ് അസുഖലക്ഷണങ്ങള്‍ പ്രകടമായതെന്ന് പ്രദേശവാസികള്‍ അറിയിച്ചു. കാഞ്ഞിരംകുളം, ഊരമ്പ്, ചാമവിള, കുറുവാട് എന്നിവിടങ്ങളിലുള്‍പ്പെടെ തീരദേശ മേഖലയായ പുതിയതുറ, പഴയകട, പുത്തന്‍കട എന്നിവിടങ്ങളിലെ ചന്തകളില്‍ നിന്നാണ് പലരും ഈ മീന്‍ വാങ്ങിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി മുതല്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് ഛര്‍ദ്ദി, വയറുവേദന, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമായി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ മാത്രം 27 പേര് ചികിത്സ തേടിയപ്പോള്‍, മറ്റു ചിലര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. ഭാഗ്യവശാല്‍ ആരുടേയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
പഴകിയ മീന്‍ ഭക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Tag: Food poisoning after eating chempalli fish in Neyyattinkara; around 40 people hospitalized



