ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജ: വൃശ്ചിക മാസത്തോടൊപ്പം തന്നെ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവ്

ഗുരുവായൂർ ഏകാദശി ഉദയാസ്തമന പൂജയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിനും തന്ത്രിക്കും തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശിപൂജ വൃശ്ചികമാസം തന്നെയായിരിക്കണം നടത്തേണ്ടത് എന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഭരണസൗകര്യം കാണിച്ച് പൂജ മാറ്റിവെക്കാനാവില്ലെന്നും, ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ആത്മചൈതന്യം പൂജകളിലൂടെ നിലനിർത്തുന്നതും വർധിപ്പിക്കുന്നതുമാണ് തന്ത്രിയുടെ പ്രധാന ഉത്തരവാദിത്വമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ജസ്റ്റിസ് ജെ. കെ. മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. “ഭക്തരുടെ തിരക്ക് നോക്കി പൂജ മാറ്റാനുള്ള അധികാരം തന്ത്രിക്കില്ല,” എന്നും കോടതി വ്യക്തമാക്കി. ഈ വർഷം വൃശ്ചിക മാസത്തിലെ ഏകാദശി ഡിസംബർ ഒന്നിനാണ്. മുൻപ് തുലാമാസത്തിലും പൂജ നടത്താമെന്ന ഇടക്കാല അനുമതി സുപ്രീംകോടതി നൽകിയിരുന്നുവെങ്കിലും, ഇപ്പോൾ അന്തിമ വിധി വൃശ്ചിക മാസത്തിലെ തീയതിയോട് ബന്ധപ്പെടുത്തി.
കഴിഞ്ഞ തവണ വൃശ്ചിക മാസത്തിലെ ഏകാദശി നാളിൽ നടത്തേണ്ട പൂജ തുലാമാസത്തിലേക്ക് മാറ്റിയിരുന്നു. വൃശ്ചിക ഏകാദശി ദിനത്തിലെ ഭക്തരുടെ തിരക്ക് പരിഗണിച്ചായിരുന്നു തീരുമാനം. ഇതിനെതിരെ പുഴക്കര ചേന്നാസ് മനയിലെ ചില അംഗങ്ങൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ സത്യവാങ്മൂലത്തിൽ, ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാറ്റം വരുത്താനുള്ള അധികാരം ബോർഡിനുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മുൻ തന്ത്രിമാരും പല ആചാരങ്ങളിലുമാറ്റം വരുത്തിയിട്ടുണ്ടെന്നും ബോർഡ് അവകാശപ്പെട്ടു.
അതേസമയം, ഗുരുവായൂർ ദേവസ്വം നിയമത്തിലെ 10(ജി) വകുപ്പ് പ്രകാരം ഭക്തർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നത് ദേവസ്വത്തിന്റെ നിയമാനുസൃത ബാധ്യതയാണെന്നും, അതിന്റെ ഭാഗമായാണ് തന്ത്രിയുടെ അനുമതിയോടെ ഏകാദശിയിലെ ഉദയാസ്തമന പൂജ തുലാമാസത്തിലേക്ക് മാറ്റിയതെന്നും ബോർഡ് വിശദീകരിച്ചിരുന്നു. “വൃശ്ചിക ഏകാദശി പൂജ ഇല്ലാതെ പൂർത്തിയാകില്ലെന്ന വാദം തെറ്റാണ്; പ്രത്യേക പൂജ ആ ദിവസം ഇല്ല,” എന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
Tag: Guruvayur Ekadashi Udayasthamana Puja: Supreme Court orders that it should be performed along with the Vrischika month



