keralaKerala NewsLatest News

പിഎം ശ്രീ പദ്ധതി മരവിപ്പിച്ചതായി കേരളം രേഖാമൂലം അറിയിച്ചിട്ടില്ല: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കേരളം മരവിപ്പിച്ചതായി തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിന്റെ തീരുമാനം രേഖാമൂലം ലഭിച്ചാൽ മാത്രമേ കേന്ദ്രം തന്റെ നിലപാട് വ്യക്തമാക്കുകയുള്ളുവെന്ന് മന്ത്രാലയം അറിയിച്ചു.

“ഒരു സംസ്ഥാനത്തിന് മാത്രം വ്യവസ്ഥകളിൽ ഇളവ് നൽകണോ എന്നത് പരിശോധിക്കേണ്ട കാര്യമാണ്. നിലവിൽ പദ്ധതി നടപ്പാക്കുന്നതിന് യാതൊരു തടസ്സവും ഇല്ല, നടപടികൾ തുടരും,” എന്നാണ് മന്ത്രാലയത്തിന്റെ നിലപാട്. അതേസമയം, പിഎം ശ്രീയിൽ നിന്ന് കേരളം പിന്മാറിയെന്ന വാർത്തകളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രതികരിക്കാൻ തയ്യാറായില്ല.

തമിഴ്‌നാടും പശ്ചിമ ബംഗാളും ഒഴികെ എല്ലാ സംസ്ഥാനങ്ങളും പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. കേരളം ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് കേന്ദ്രത്തിന് ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. കേരളം കത്ത് നൽകിയാൽ, അതിനനുസരിച്ചുള്ള നടപടികൾ കേന്ദ്രം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെയായിരുന്നു പിഎം ശ്രീയുടെ തുടർനടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ഈ തീരുമാനം കേന്ദ്രത്തെ അറിയിക്കുന്നതിനായി കത്തയക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിന് ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം “ഇത് എൽഡിഎഫിന്റെ വിജയമാണ്” എന്ന് പ്രതികരിച്ചു. പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐയുടെ നാല് മന്ത്രിമാരും പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രിയാണ് പദ്ധതി പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചത്.

പദ്ധതിയെ പുനഃപരിശോധിക്കാനായി ഏഴംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് അധ്യക്ഷൻ. സിപിഐയിൽ നിന്ന് കെ. രാജനും പി. പ്രസാദും അംഗങ്ങളാണ്. മറ്റ് അംഗങ്ങൾ പി. രാജീവ്, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ എന്നിവരാണ്. ഉപസമിതി തീരുമാനം എടുക്കുംവരെ പദ്ധതി മരവിച്ച നിലയിലാണ്.

ഒക്ടോബർ 16-നാണ് പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22-ന് ഡൽഹിയിൽ എത്തിച്ച് 23-ന് ഒപ്പുവെച്ച് തിരികെ എത്തിച്ചു. സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കം. മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയായിരുന്നില്ല. ഇതിനെതിരെ സിപിഐ നേതാവ് ബിനോയ് വിശ്വം ശക്തമായി പ്രതികരിച്ചു. “മുന്നണി മര്യാദകൾ ലംഘിച്ചുവെന്ന്” ആരോപിച്ച അദ്ദേഹം വിഷയത്തെ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിൽ ഉന്നയിച്ചു.

സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജയും സിപിഎം നേതാവ് എം. എ. ബേബിയുമായി ചർച്ച നടത്തിയെങ്കിലും യോജിപ്പുണ്ടായില്ല. ഡി. രാജയുടെ നിലപാട് അനുസരിച്ച്, ധാരണാപത്രത്തിൽ ഒപ്പിട്ടത് പാർട്ടിയുടെ നയവിരുദ്ധമായിരുന്നു. ഇതിനെ തുടർന്ന് സിപിഐ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം എടുത്തു. തുടർന്ന് ചേർന്ന എൽഡിഎഫ് യോഗത്തിൽ സമവായത്തിലേക്കെത്തി, പദ്ധതിയെ താൽക്കാലികമായി മരവിപ്പിക്കുന്നതായാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Tag: Kerala has not informed in writing that PM Shri scheme has been frozen: Union Education Ministry

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button