keralaKerala NewsLatest News

ശബരിമലയിൽ ‘അവതാരങ്ങൾ’ ഒഴിവാക്കാൻ ദേവസ്വം ബോർഡിന്റെ പുതിയ നീക്കം; മേൽശാന്തികൾക്ക് സഹായികളെ ബോർഡ് തന്നെ നൽകും

ശബരിമലയിൽ അവതാരങ്ങളെ (താന്ത്രിക സഹായികളെ) ഒഴിവാക്കാനുള്ള നടപടിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിമാർക്ക് ആവശ്യമായ സഹായികളെ ഇനി ബോർഡ് നേരിട്ട് നൽകാനുള്ള പദ്ധതിയാണ് പരിഗണനയിലിരിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെ ഈ ജോലിക്കായി തെരഞ്ഞെടുക്കുമെന്നും, സഹായികൾക്ക് പൊലീസ് പരിശോധന നിർബന്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പ്രശ്നങ്ങൾക്ക് കാരണമായത് ചില അവതാരങ്ങളാണെന്ന് പ്രശാന്ത് ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കവെ, അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. “ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം,” എന്ന പരാമർശം ഉദ്ധരിച്ച്, കുറ്റക്കാരായവർക്ക് നിയമപരമായ ഉത്തരവാദിത്വം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോടതി ഉത്തരവിലെ തന്റെ പേരിനെയോ സ്ഥാനത്തെയോ കുറിച്ചുള്ള പരാമർശം നീക്കം ചെയ്യാൻ ദേവസ്വം ബോർഡ് സമീപിച്ചിട്ടുണ്ടെന്നും പി. എസ്. പ്രശാന്ത് വ്യക്തമാക്കി. “തന്നെ അറസ്റ്റ് ചെയ്യാൻ നീക്കമെന്ന് ചില മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഈ ചോദ്യം ചെയ്യൽ, അത് വ്യക്തമാക്കണം,” എന്നും അദ്ദേഹം ചോദിച്ചു.

ഇതിനിടെ, ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസത്തെ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് കോടതി റിമാൻഡ് ചെയ്തു. അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകുന്നത് ബുദ്ധിമുട്ടുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചെങ്കിലും, ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ജയിലിൽ ഒരുക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Tag: Devaswom Board’s new move to avoid ‘avatars’ in Sabarimala; Board itself will provide helpers to the Melsantis

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button