ഡൽഹി കലാപം; ഉമർ ഖാലിദ് ഉൾപ്പെടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷകൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ള അഞ്ച് പേരുടെ ജാമ്യാപേക്ഷകൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉമർ ഖാലിദിനൊപ്പം ഷർജീൽ ഇമാം, മീറാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്‌മാൻ എന്നിവരാണ് ജാമ്യം തേടിയിരിക്കുന്നത്. ജസ്റ്റിസ് അരവിന്ദ് കുമാർ, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. അഞ്ചുവർഷത്തിലേറെയായി റിമാൻഡിലിരിക്കെ വിചാരണ നീളുന്നതായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ വാദം.
അതേസമയം, പ്രതികൾ തന്നെയാണ് വിചാരണ വൈകുന്നതിനുള്ള ഉത്തരവാദികളെന്ന് ഡൽഹി പൊലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേവലം ക്രമസമാധാനം തകർക്കലല്ല, രാജ്യവ്യാപകമായ സായുധ വിപ്ലവത്തിനാണ് ഇവർ ശ്രമിച്ചതെന്ന് പൊലീസ് ആരോപിക്കുന്നു. “സമാധാനപരമായ പ്രതിഷേധം” എന്ന പേരിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കാനായിരുന്നു പ്രതികളുടെ നീക്കം എന്നും, അതിനായി സിഎഎ വിഷയം ഉപയോഗിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പോളീസിന്റെ വിലയിരുത്തലിൽ, മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമായാണ് ഡൽഹി കലാപം ഉണ്ടായത്. ഈ കലാപത്തിൽ 53 പേരുടെ ജീവൻ നഷ്ടപ്പെട്ടതും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതുമാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്. മുൻപ് ഡൽഹി പൊലീസിന്റെ പ്രതികരണം വൈകിയതിൽ സുപ്രീംകോടതി വിമർശനമുയർത്തിയിരുന്നു. അതിനുശേഷമാണ് പൊലീസ് സത്യവാങ്മൂലം സമർപ്പിച്ചത്.
ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധ സംഘം രൂപീകരണം, യുഎപിഎ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഉമർ ഖാലിദിനെയും മറ്റു ഗവേഷക വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തത്. സിഎഎ വിരുദ്ധ സമരവും തുടർന്ന് നടന്ന ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇവരെ പിടികൂടിയത്. അഞ്ചുവർഷത്തിലേറെയായി ജയിലിലിരിക്കുന്ന ഉമർ ഖാലിദും മറ്റു പ്രതികളും മുൻപ് ഡൽഹി ഹൈക്കോടതിയിൽ ജാമ്യം തേടിയിരുന്നെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു. അതിനെ തുടർന്ന് അവർ സുപ്രീംകോടതിയെ സമീപിച്ചതാണ്.
Tag: Delhi riots, Supreme Court, to hear bail pleas, of five people, including , Umar Khalid today
 
				


