keralaKerala NewsLatest NewsUncategorized

ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് തുറക്കില്ല; ‘പോലീസ് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ തുറക്കൂ’ എന്ന് കമ്പനി

സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് തുറക്കില്ല. ഉപാധികളോടെ പ്രവർത്തനം പുനരാരംഭിക്കാൻ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നുവെങ്കിലും, പോലീസ് സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ തുറക്കൂ എന്ന നിലപാടിലാണ് കമ്പനി. അതേസമയം, ഫാക്ടറി വീണ്ടും തുറക്കുകയാണെങ്കിൽ സമരം പുനരാരംഭിക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി. “ഫാക്ടറി അടച്ചുപൂട്ടും വരെ സമരം തുടരും” എന്നാണ് സമരസമിതിയുടെ നിലപാട്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷനിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഫ്രഷ് കട്ട് പ്ലാന്റ് തുറക്കാൻ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചത്. പ്രതിദിന മാലിന്യ സംസ്കരണ അളവ് 25 ടണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കാൻ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.

ഇതിനിടെ, സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രികാല വീടുതെരച്ചിലുകൾ ഒഴിവാക്കുമെന്ന് പൊലീസ് ഉറപ്പുനൽകി. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അധ്യക്ഷനായ സർവകക്ഷി യോഗത്തിലാണ് ഈ തീരുമാനം. സമരസമിതി പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനകളെ യോഗത്തിൽ ജനപ്രതിനിധികൾ ശക്തമായി വിമർശിച്ചു. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പോലും പരിശോധന നടത്തിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. കുറ്റക്കാരെ മാത്രമേ ലക്ഷ്യമാക്കൂവെന്നും, രാത്രികാല പരിശോധനയ്ക്ക് ഇളവ് നൽകുമെന്നും പൊലീസ് യോഗത്തിൽ അറിയിച്ചു.

ഫ്രഷ് കട്ട് പ്ലാന്റ് തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ജില്ലാ തല ഫെസിലിറ്റേഷൻ കമ്മിറ്റി യോഗവും ഇന്നലെ വൈകിട്ട് ചേർന്നിരുന്നു. ഫാക്ടറിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണെന്ന റിപ്പോർട്ടാണ് ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ ഭരണകൂടത്തിന് സമർപ്പിച്ചത്.

Tag: Fresh Cut Arav waste treatment plant will not open today; company says ‘will open only after ensuring police security’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button