സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെഎല്‍–90 രജിസ്ട്രേഷന് സീരീസ്

സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍–90 എന്ന രജിസ്ട്രേഷന് സീരീസ് നല്‍കുന്നതിന് സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കി. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ കെഎല്‍–90, കെഎല്‍–90D സീരീസുകളിലും, കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ കെഎല്‍–90A, കെഎല്‍–90E സീരീസുകളിലും രജിസ്റ്റര്‍ ചെയ്യപ്പെടും.
തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് കെഎല്‍–90B, കെഎല്‍–90F സീരീസ് നല്‍കും. അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയുടെ വാഹനങ്ങള്‍ കെഎല്‍–90C സീരീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് നിലവിലുള്ള കെഎല്‍–15 സീരീസ് തുടരും.
ഇപ്പോൾ സര്‍ക്കാര്‍ വാഹനങ്ങള്‍ അതത് ജില്ലകളിലെ ആര്‍ടി ഓഫിസുകളിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളും തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ്–2ല്‍ രജിസ്റ്റര്‍ ചെയ്യണം.
സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് ഏകീകരിക്കാനും, അവയുടെ സേവനകാലാവധി പൂര്‍ത്തിയാകുന്നതു തിരിച്ചറിയാനും സൗകര്യമാക്കാനാണ് ഈ സംവിധാനം നടപ്പാക്കുന്നത്. കെഎസ്ആര്‍ടിസി വാഹനങ്ങള്‍ തുടര്‍ന്നും തിരുവനന്തപുരം ആര്‍ടി ഓഫീസ്–1ല്‍ തന്നെ രജിസ്റ്റര്‍ ചെയ്യപ്പെടും.
Tag: KL-90 registration series now available for government vehicles
 
				


