”അതിദാരിദ്രത്തിൽ നിന്ന് ജനങ്ങൾ പുറത്ത് വന്നത് കേന്ദ്ര സർക്കാർ പദ്ധതികളുടെ ഫലമായി”; സംസ്ഥാന സർക്കാരിനെ രൂക്ഷമായിവിമർശിച്ച് ബിജെപി

സംസ്ഥാന സർക്കാരിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ശക്തമായ വിമർശനം ഉന്നയിച്ചു. നാലര കൊല്ലം കഴിഞ്ഞിട്ടും ജനങ്ങൾക്ക് വേണ്ടി മുഖ്യമന്ത്രി ഇപ്പോഴാണ് പ്രഖ്യാപനം നടത്തുന്നത് എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആക്ഷേപം. “നാലര കൊല്ലം മുമ്പ് നൽകിയ വാഗ്ദാനങ്ങൾ എന്തുകൊണ്ട് ഇപ്പോഴാണ് നടപ്പാക്കുന്നത്? ഇതാണോ സംസ്ഥാന സർക്കാരിന്റെ ജനാധിപത്യ സംവിധാനം?” അദ്ദേഹം ചോദിച്ചു. അതിദാരിദ്ര്യത്തിന്റെ കുറവ് കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ ഫലമായതാണെന്നും ചന്ദ്രശേഖർ വ്യക്തമാക്കി. “ക്രെഡിറ്റ് മുഖ്യമന്ത്രി എടുത്തോട്ടെ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് നാലുമാസം മുമ്പ് ഇത്തരം പ്രഖ്യാപനം നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും, പ്രഖ്യാപിച്ച പദ്ധതികൾക്കുള്ള ധനം കടമെടുത്ത് നൽകുന്നതാണെന്നും നെൽക്കർഷകർക്ക് കാശു നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻഗണനാപ്രകാരം, സാധാരണക്കാരെ സഹായിക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ആണെങ്കിൽ, 70 വയസ്സിനു മുകളിലുള്ളവർക്ക് ഫ്രീ ഇൻഷുറൻസ് ഇപ്പോൾ പ്രഖ്യാപിക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
പിഎം-ശ്രീയിൽ ഒപ്പിട്ടാൽ പിൻവലിക്കാനോ റദ്ദാക്കാനോ ഒരു ഓപ്ഷൻ ഇല്ലാത്തതിനാൽ, ഇതിൽ രാഷ്ട്രീയ പ്രയോജനം വരുത്തരുതെന്നും, സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനാണു ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ ഭാവിയെ കാര്യമായി കരുതാതെ രാഷ്ട്രീയ വേട്ട നടത്തരുതെന്നും അദ്ദേഹം പറഞ്ഞു.
Tag: BJP leader rajeev chendrashekhar sharply criticizes state government
 
				


