keralaKerala NewsLatest News

അതി ദാരിദ്ര്യമുക്ത കേരളം എന്ന സർക്കാരിന്റെ പ്രഖ്യാപനം രാഷ്ട്രീയ പ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

കേരളം അതിദാരിദ്ര്യമുക്തമെന്ന സർക്കാരിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാർ “ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കുകയാണ്”, ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾ നടക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

എൽഡിഎഫ് പ്രകടനപത്രികയിൽ നാല് ലക്ഷം പരമദരിദ്രർ ഉണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അത് 64,000 ആക്കി ചുരുക്കിയിരിക്കുകയാണെന്നും, “പരമദരിദ്രരും അതിദരിദ്രരുമായുള്ള വ്യത്യാസം എന്താണെന്ന് സർക്കാർ വ്യക്തമാക്കണം” എന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

അതി ദരിദ്രർ ഇല്ലെന്നത് രാഷ്ട്രീയ പ്രചാരണമാണെന്നും, അവരുടെ നീതി, അവകാശങ്ങൾ സർക്കാർ നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. “കേരളത്തിൽ രേഖകളില്ലാതെ ജീവിക്കുന്ന ഒന്നര ലക്ഷം അഗതികൾ ഉണ്ട്. അവരെ സംബന്ധിച്ച് പട്ടികയിൽ പരാമർശമില്ല. പട്ടിക കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതായിരുന്നു,” പ്രതിപക്ഷ നേതാവ് പറഞ്ഞു.

പട്ടികജാതി– പട്ടിവർഗ്ഗ വിഭാഗങ്ങളുടെ കണക്കുകളിലും വലിയ അവ്യക്തത ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “2011 സെൻസസ് പ്രകാരം 1.16 ലക്ഷം കുടുംബങ്ങളിലായി 4.85 ലക്ഷം ആദിവാസികളാണുള്ളത്. എന്നാൽ സർക്കാരിന്റെ പട്ടികയിൽ വെറും 6,400 പേരേ ഉൾപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ളവർ എവിടെ? ഒരു ലക്ഷത്തിലധികം ആദിവാസികൾ സുരക്ഷിതരാണോ എന്നും സർക്കാർ വ്യക്തമാക്കണം,” സതീശൻ ചോദിച്ചു.

സർക്കാരിന്റെ ക്ഷേമപെൻഷൻ വർധന പ്രഖ്യാപനവും മലയാളികളുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന നടപടിയാണ്, അദ്ദേഹം ആരോപിച്ചു. “പ്രകടനപത്രികയിൽ 2,500 രൂപയാക്കി ഉയർത്തുമെന്നു പറഞ്ഞ ക്ഷേമപെൻഷൻ നാലര വർഷം കൂട്ടിയില്ല. തെരഞ്ഞെടുപ്പിനു മുൻപ് 2,000 രൂപയാക്കി ഉയർത്തിയെന്ന് പറഞ്ഞു ആഘോഷം നടത്തുകയാണ്. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്,” വി.ഡി. സതീശൻ പറഞ്ഞു.

കള്ളക്കണക്കുകൾ മുന്നോട്ട് വച്ച് അതിദാരിദ്ര്യമുക്തസംസ്ഥാനമെന്ന പ്രചാരണം നടത്തുന്നത് തെറ്റാണെന്നും പ്രതിപക്ഷം നിയമസഭയിലും ഈ വിഷയത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“പാവപ്പെട്ടവരെ സഹായിക്കുന്നതിൽ പ്രതിപക്ഷത്തിന് എതിർപ്പില്ല. എന്നാൽ കണക്കുകൾ തെറ്റാണ്. കേന്ദ്രസർക്കാരിന്റെ എഎവൈ പദ്ധതിയിൽ 5.95 ലക്ഷം ‘ദരിദ്രരിൽ ദരിദ്രർ’ ഉൾപ്പെട്ടിരിക്കുന്നു. ഇവർക്കു സൗജന്യമായി അരിയും ഗോതമ്പും നൽകുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇവർക്കുള്ള ചികിത്സാ സഹായം നൽകുന്നുണ്ടോ?” — എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

“ഒറ്റപ്പെട്ട് ജീവിക്കുന്നവരെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ആദിവാസി ഊരുകൾ സർക്കാർ വൃത്തങ്ങൾ കണ്ടിട്ടുണ്ടോ?” എന്നായിരുന്നു വി.ഡി. സതീശന്റെ വിമർശനം.

Tag: Opposition leader V.D. Satheesan says the government’s announcement of a poverty-free Kerala is a political propaganda

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button