ഒരു കോടി സർക്കാർ ജോലിയും സ്ത്രീകൾക്ക് പ്രത്യേക സാമ്പത്തിക സഹായവും; ബിഹാറിൽ എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറങ്ങി

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു കോടി സർക്കാർ ജോലികളും വ്യാപകമായ സാമ്പത്തിക സഹായ പദ്ധതികളും ഉൾപ്പെടുത്തി എൻഡിഎ പ്രകടനപത്രിക പുറത്തിറക്കി. പട്നയിൽ നടന്ന ചടങ്ങിൽ എൻഡിഎ സഖ്യകക്ഷി നേതാക്കൾ ചേർന്നാണ് പ്രകടനപത്രിക പുറത്തുവിട്ടത്. ഒരു കുടുംബത്തിന് സർക്കാർ ജോലി എന്ന മഹാസഖ്യത്തിന്റെ വാഗ്ദാനത്തിന് മറുപടിയായിട്ടാണ് എൻഡിഎയുടെ പുതിയ വാഗ്ദാനം. ഒരു കോടി സർക്കാർ ജോലികൾ സൃഷ്ടിക്കുമെന്നും പ്രകടനപത്രിക വ്യക്തമാക്കുന്നു.
സ്ത്രീ ശാക്തീകരണത്തിനായി ‘ലാഖ്പതി ദീദി’ എന്ന പദ്ധതിയും അവതരിപ്പിച്ചു. ഒരു കോടി സ്ത്രീകൾക്ക് പ്രതിവർഷം കുറഞ്ഞത് ₹1 ലക്ഷം വരുമാനമുണ്ടാക്കാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. സ്വയം തൊഴിൽ തുടങ്ങാൻ സ്ത്രീകൾക്ക് ₹2 ലക്ഷം വരെ, പിന്നോക്ക വിഭാഗങ്ങളിലുള്ളവർക്ക് ₹10 ലക്ഷം വരെ സാമ്പത്തിക സഹായം നൽകും.
പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതി രൂപീകരിക്കുമെന്നും പത്രികയിൽ പറയുന്നു. മൊത്തത്തിൽ 25 പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പട്നയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം നേതാക്കൾ വാർത്താസമ്മേളനം ഒഴിവാക്കി മടങ്ങുകയായിരുന്നു.
അതേസമയം, പ്രധാനമന്ത്രിയെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാണ് ആവശ്യം. മൊഖമ മണ്ഡലത്തിൽ ജൻ സുരാജ് പാർട്ടി നേതാവ് ദുലാർ ചന്ദ് യാദവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ, ജെഡിയു സ്ഥാനാർത്ഥി ആനന്ദ് സിംഗിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
Tag: One crore government jobs and special financial assistance for women; NDA manifesto released in Bihar
 
				


