keralaKerala NewsLatest NewsUncategorized

പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ; “കാവി പണം വേണ്ടെന്ന് പറയാനുള്ള ധൈര്യം കാണിക്കട്ടെ”

പിഎം ശ്രീ പദ്ധതിയെ ചുറ്റിപറ്റിയ വിവാദത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ശക്തമായ പ്രതികരണവുമായി രംഗത്ത്. പിഎം ശ്രീയിൽ പങ്കെടുക്കാൻ താല്‍പര്യമില്ലെങ്കിൽ “കാവി പണം വേണ്ടെന്ന് തുറന്ന് പറയാനുള്ള ധൈര്യം സർക്കാരിന് കാണിക്കണം” എന്നായിരുന്നു ജോർജ് കുര്യന്റെ വെല്ലുവിളി.

“കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്നതെല്ലാം കാവി നിറത്തിലുള്ള പണമാണല്ലോ. അതിനാൽ കാപട്യം കാണിക്കാതെ വ്യക്തമായ നിലപാട് സ്വീകരിക്കട്ടെ. പിഎം ശ്രീയുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. പക്ഷേ ഈ വിഷയത്തിൽ ഇരട്ടനിലപാട് വേണ്ട”, മന്ത്രി വ്യക്തമാക്കി.

“ഇത് നമ്മുടെ രാഷ്ട്രീയത്തിന്റെ കാര്യമല്ല. കുട്ടികളുടെ ഭാവിയുടെ കാര്യമാണ്. ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ പൗരന്മാർ. അവരുടെ അവകാശം നിഷേധിക്കാൻ ആരും പാടില്ല. കേന്ദ്രത്തെയും സംസ്ഥാനത്തെയും തെരഞ്ഞെടുത്തത് ജനങ്ങളാണ്. അതുകൊണ്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ച് സമഗ്ര ശിക്ഷാ അഭിയാനിലെ കാവി പണം വേണ്ടെന്ന് പറഞ്ഞ് പ്രഖ്യാപിക്കട്ടെ,” ജോർജ് കുര്യൻ വെല്ലുവിളിച്ചു.

അദ്ദേഹം ചൂണ്ടിക്കാട്ടിയത്, 2023 ജൂൺ 5-ന് മുഖ്യമന്ത്രി എല്ലാ വൈസ് ചാൻസലർമാരെയും വിളിച്ചുചേര്‍ത്ത യോഗത്തില്‍ തന്നെ ചില സര്‍വകലാശാലകളില്‍ എന്‍ഇപി നടപ്പിലാക്കാന്‍ തുടങ്ങിയിരുന്നുവെന്നത്. അന്ന് അത് ആഗോള സിലബസാണെന്ന് മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും അതെല്ലാം കേന്ദ്രത്തിന്റെ എന്‍ഇപി സിലബസ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അതേസമയം ഇപ്പോൾ കേന്ദ്രത്തിനെതിരെ നിലപാട് എടുക്കുന്നത് കാപട്യമാണ്. കരാറിൽ ഒപ്പുവച്ച ശേഷം കത്ത് കൊടുത്തിട്ട് കാര്യമില്ല. സാധാരണക്കാരനും അത് മനസ്സിലാക്കും”, ജോർജ് കുര്യൻ വിമര്‍ശിച്ചു.

അതേസമയം, പിഎം ശ്രീ പദ്ധതിയിലെ ധാരണാപത്രം താൽക്കാലികമായി മരവിപ്പിക്കാൻ സംസ്ഥാന സർക്കാർ അയയ്ക്കുന്ന കത്തിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് കത്ത് തയ്യാറാക്കിയതും അയയ്ക്കുന്നതും.

ചീഫ് സെക്രട്ടറി കെ. ജയതിലക് വിദ്യാഭ്യാസ മന്ത്രാലയത്തിന് അയയ്ക്കാനിരിക്കുന്ന കത്തിൽ, മന്ത്രിസഭ പിഎം ശ്രീ വിഷയത്തിൽ ഏഴംഗ സബ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും, ആ സമിതിയുടെ പഠനറിപ്പോർട്ട് വരുന്നത് വരെ പദ്ധതി താൽക്കാലികമായി മരവിപ്പിക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരാർ എത്രകാലത്തേക്ക് മരവിപ്പിക്കുന്നുവെന്നത് കത്തിൽ വ്യക്തമാക്കിയിട്ടില്ല.

കത്ത് തയ്യാറാക്കിയത് വിദ്യാഭ്യാസ വകുപ്പാണ്, സബ് കമ്മിറ്റിയിലെ സിപിഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും ഇതിന്റെ ഉള്ളടക്കം പരിശോധിച്ച് സമ്മതം നല്‍കിയിട്ടുണ്ട്.

പിഎം ശ്രീയുടെ ധാരണാപത്രം ഒക്ടോബർ 16-ന് തയ്യാറാക്കി, 22-ന് ഡൽഹിയിൽ എത്തിക്കുകയും 23-ന് ഒപ്പുവെച്ചതിനു ശേഷം തിരിച്ചെത്തുകയും ചെയ്തിരുന്നു. എന്നാൽ സിപിഐയെ ഈ നീക്കത്തെക്കുറിച്ച് അറിയിച്ചിരുന്നില്ല. അതിനെ തുടർന്ന് സിപിഐ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. ബിനോയ് വിശ്വം മുന്നണി മര്യാദ ലംഘിച്ചതായി ആരോപിച്ചു.

വിഷയം രൂക്ഷമായതോടെ സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ ഇടപെട്ടെങ്കിലും സിപിഎം നേതാവ് എം. എ. ബേബിയുമായുള്ള കൂടിക്കാഴ്ചയിൽ സമവായമുണ്ടായില്ല. ഇതിന് പിന്നാലെ സിപിഐ എക്സിക്യൂട്ടീവ് യോഗം ചേർന്ന് മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം കൈക്കൊണ്ടു. തുടർന്ന് എൽഡിഎഫ് യോഗം ചേർന്ന് പിഎം ശ്രീ പദ്ധതി താൽക്കാലികമായി മരവിപ്പിക്കാൻ തീരുമാനിച്ചു.

സിപിഐയെ വിവരം അറിയിച്ചതോടെ അവർ കടുത്ത നിലപാടിൽ നിന്ന് പിന്മാറി. പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുത്തു, യോഗത്തിൽ സബ് കമ്മിറ്റിയെ രൂപീകരിച്ച് വിഷയം പഠിക്കാൻ തീരുമാനമായി. തുടർന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനവും നടത്തി.

Tag: Union Minister George Kurien challenges the state government on the PM Shri issue

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button