ഇന്ന് കേരളപ്പിറവി ദിനം; 69 ന്റെ നിറവിൽ മലയാളം

ഇന്ന് കേരളപ്പിറവി ദിനം . ഭാഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട നമ്മുടെ സംസ്ഥാനത്തിന്റെ ജന്മദിനം. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ മാതൃകയായിത്തീർന്ന കേരളം, അറുപത്തൊൻപതാം പിറന്നാൾ ആഘോഷിക്കുമ്പോഴും ഇനിയും പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുകയാണ്.
1956 നവംബർ ഒന്നിന്, ഭാഷയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങൾ ചേർന്ന് കേരളം രൂപം നേടി. അതോടെ നവോത്ഥാനത്തിന്റെ വെളിച്ചം പരന്ന പുതിയ കാലഘട്ടം ആരംഭിച്ചു. സാമൂഹ്യ-സാമ്പത്തിക മേഖലയിലുണ്ടായ ഭൂപരിഷ്‌കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാരവികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങൾ തുടങ്ങി നിരവധി ജനകീയ മാറ്റങ്ങൾ ചരിത്രമായി.
രാജ്യത്ത് ആദ്യം നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനം എന്ന നിലയിൽ കേരളം അഭിമാനത്തോടെ നിലകൊള്ളുന്നു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ മുന്നേറ്റം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദസഞ്ചാര രംഗത്ത് കേരളം നേടിയ പുരോഗതി ആഗോളതലത്തിൽ അംഗീകാരം നേടി. മോഹിനിയാട്ടം, തെയ്യം, കളരിപ്പയറ്റ്, ഗോത്രകലകൾ തുടങ്ങി നമ്മുടെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിലേക്കും പ്രചരിച്ച് പഠനവിഷയങ്ങളായി മാറി.
‘നവകേരളം’ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, സാമ്പത്തിക ഭദ്രത, ബിസിനസ് സൗഹൃദാന്തരീക്ഷം, സമത്വം നിറഞ്ഞ സാമൂഹിക ജീവിതം മുന്നോട്ട് നയിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാമൂഹിക പുരോഗതിയിൽ വീഴ്ച വരുത്താതിരിക്കാൻ പരിശ്രമം തുടരണം. വർഗീയധ്രുവീകരണത്തിനുള്ള നീക്കങ്ങളെ ചെറുക്കുകയും മതേതര മൂല്യങ്ങളും മലയാളഭാഷയോടുള്ള അഭിമാനവും സംസ്‌കാരപരമായ ഐക്യവും ഉറപ്പാക്കുകയും വേണം.
മലയാളി എന്ന തിരിച്ചറിവിന്റെ ആത്മാഭിമാനത്തോടെയും നവകേരളത്തിന്റെ സ്വപ്നങ്ങളോടെയും മുന്നോട്ടു പോകുമ്പോൾ, ഈ കേരളപ്പിറവി ദിനം പുതുശക്തിക്കും പ്രതിജ്ഞയ്ക്കും പ്രചോദനമായിരിയ്ക്കട്ടെ.
Tag: Today is Kerala Piravi Day; Malayalam celebrates its 69th anniversary



