കണ്ണൂരിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു

കണ്ണൂരിലെ പയ്യാമ്പലത്ത് കടലിൽ കുളിക്കാനിറങ്ങിയ മൂന്നുപേർക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ മെഡിക്കൽ വിദ്യാർത്ഥികളാണ് കടലിൽ മുങ്ങിമരിച്ചത്. അഫ്നാൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്നെത്തിയ 11 അംഗ മെഡിക്കൽ വിദ്യാർത്ഥി സംഘമാണ് പയ്യാമ്പലത്ത് എത്തിയത്. ഇന്നലെ കണ്ണൂർ ക്ലബ്ബിൽ താമസിച്ച സംഘം ഇന്ന് ബീച്ചിൽ വിനോദസഞ്ചാരത്തിനായി എത്തിയപ്പോൾ എട്ട് പേർ കടലിൽ കുളിക്കാനിറങ്ങി. ഇവരിൽ മൂന്ന് പേർ ശക്തമായ തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു.
ആദ്യമായി രണ്ടുപേരെ നാട്ടുകാർ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാമത്തെയാളെ ഏകദേശം ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പുറത്തെടുത്തത്.
എന്നാൽ, അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതിനാൽ പൊലീസ് ജീപ്പിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മൂവരുടെയും മരണം പിന്നീട് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളു.
Tag: Three people drowned in the sea in Kannur



