ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി). ദേവസ്വത്തിന്റെ കമ്മീഷണറും പ്രസിഡന്റുമായി പ്രവര്‍ത്തിച്ച എന്‍ വാസുവിനെതിരെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എൻ. വാസുവിനെ ചോദ്യം ചെയ്തത്. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ഇടപാടിന്റെ സമയത്ത് ദുരൂഹ ഇ- മെയില്‍ സന്ദേശം വന്നപ്പോള്‍ സ്വര്‍ണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്തില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.
2019 ഡിസംബര്‍ 9ന് ആണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ- മെയില്‍ തനിക്ക് വന്നതെന്നും സ്വര്‍ണം ബാക്കി വന്നു എന്നാണ് പോറ്റി അറിയിച്ചിരുന്നതെന്നുമാണ് മുന്‍പ് എന്‍ വാസു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശില്‍പ്പത്തിന്റേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ക്ക് ശേഷം ബാക്കി വന്ന സ്വര്‍ണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും മെയിലില്‍ ഉണ്ടായിരുന്നതായി എന്‍ വാസു പറഞ്ഞിരുന്നു. ദേവസ്വം ബോര്‍ഡിന്റെ അനുമതിയല്ല ഉപദേശം തേടിയായിരുന്നു ആ ഇ-മെയില്‍ എന്നും എന്‍ വാസു വ്യക്തമാക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരപാലക ശില്‍പ്പം പൂശാനാണ് ബോര്‍ഡുമായുള്ള കരാറിലേർപ്പെട്ടത്. ഇങ്ങനെ പൂശിയ സ്വര്‍ണം എന്ത് ചെയ്യണമെന്ന് ചോദിച്ചതായാണ് മെയില്‍ കണ്ടാല്‍ ആരും കരുതുക എന്നായിരുന്നു എന്‍ വാസുവിന്റെ വാദം.
Tag: Sabarimala gold theft case; SIT questions former Devaswom Board president N Vasu



