keralaKerala NewsLatest News

ഓടുന്ന ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവം; കുറ്റംസമ്മതിക്കാതെ പ്രതി, പെൺകുട്ടിയെ ചവിട്ടിയത് ബം​ഗാളിയാണെന്നും മറുപടി

ഓടുന്ന ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തില്‍ കുറ്റംസമ്മതിക്കാതെ പ്രതി സുരേഷ് കുമാര്‍. പെണ്‍കുട്ടിയെ ആക്രമിച്ചത് ഒരു ബംഗാളിയാണെന്നും ഇതൊക്കെ ചുമ്മാ നമ്പരാണെന്നും പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും പ്രതി കൂസലില്ലാതെ പറഞ്ഞു. മദ്യപിച്ചിരുന്നോ എന്ന ചോദ്യത്തിന് ‘ഓ എവിടെ’ എന്നായിരുന്നു പ്രതിയുടെ മറുപടി.

ഞായറാഴ്ച രാത്രിയാണ് കേരളത്തെ നടുക്കിയ സംഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സുരേഷ്‌കുമാര്‍ ഓടുന്ന ട്രെയിനില്‍നിന്ന് പെണ്‍കുട്ടിയെ ചവിട്ടിത്തള്ളിടുകയായിരുന്നു. ട്രാക്കില്‍ തലയടിച്ചുവീണ് അതീവ ഗുരുതരാവസ്ഥയിലായ പേയാട് സ്വദേശിനി ശ്രീക്കുട്ടി (സോനു-19) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്. തലയ്ക്കും കൈക്കും ഗുരുതരപരിക്കും ആന്തരിക രക്തസ്രാവവുമുണ്ടായ ശ്രീക്കുട്ടിക്ക് അടിയന്തരശസ്ത്രക്രിയ നടത്തിയിരുന്നു.

ഇന്നു രാവിലെ വിദഗ്ധഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും. ഇതിനുശേഷം കൂടുതല്‍ ശസ്ത്രക്രിയകള്‍ ഉടന്‍ വേണമോ എന്നകാര്യം തീരുമാനിക്കും. ശ്രീക്കുട്ടിയുടെ അമ്മയും സഹോദരനും ബെംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരോടും ചര്‍ച്ച ചെയ്തശേഷമാകും തുടര്‍ചികിത്സകള്‍ തീരുമാനിക്കുക.

തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കേരള എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്കല അയന്തിക്കു സമീപത്തുവെച്ച് ഞായറാഴ്ച രാത്രി 8.45-ഓടെയാണ് പെൺകുട്ടി അതിക്രമം നേരിട്ടത്. അക്രമം കണ്ട യാത്രക്കാര്‍ ഉടന്‍തന്നെ അപായച്ചങ്ങല വലിച്ച് തീവണ്ടി നിര്‍ത്തിച്ചു. പരിക്കേറ്റ് ട്രാക്കില്‍ കിടന്ന ശ്രീക്കുട്ടിയെ റെയില്‍വേ പോലീസ് എത്തി കൊല്ലത്തേക്കു കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിക്കുകയും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അക്രമി വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറിനെ(50) യാത്രക്കാര്‍ തീവണ്ടിയില്‍ തടഞ്ഞുവെച്ചു. കൊച്ചുവേളിയില്‍വെച്ചാണ് റെയില്‍വേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോള്‍ അക്രമാസക്തനായ ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.

ആലുവയില്‍നിന്ന് സുഹൃത്ത് അര്‍ച്ചനയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി. ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ ശൗചാലയത്തില്‍പ്പോയി വാതിലിനു സമീപമെത്തിയപ്പോഴാണ് അപരിചിതനായ ഒരാള്‍ നടുവിന് ചവിട്ടി പുറത്തേക്കു തള്ളിയിട്ടതെന്ന് ഒപ്പമുണ്ടായിരുന്ന അര്‍ച്ചന പറഞ്ഞു. അര്‍ച്ചനയെയും സുരേഷ്‌കുമാര്‍ ചവിട്ടിയിരുന്നു. വാതിലിനരികിലെ കമ്പിയില്‍ തൂങ്ങികിടന്ന അര്‍ച്ചനയെ ട്രെയിനിലുണ്ടായിരുന്ന മറ്റുയാത്രക്കാരെത്തിയാണ് ഉള്ളിലേക്ക് തിരികെ എത്തിച്ചത്. സുരേഷ്‌കുമാര്‍ കോട്ടയത്തു നിന്നാണ് തീവണ്ടിയില്‍ കയറിയത്. ഇയാള്‍ തീവണ്ടിക്കുള്ളില്‍വെച്ചും മദ്യപിച്ചിരുന്നതായി മറ്റു യാത്രക്കാര്‍ പറഞ്ഞു. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

Tag: Girl kicked off moving train; Accused pleads not guilty, says Bengali was the one who kicked the girl

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button