ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴ അടച്ച് സ്കീമിൽ ചേരാൻ തൊഴിലുടമകള്‍ക്ക് അവസരം

തൊഴിൽശക്തിയെ ഔപചാരികരൂപത്തിലാക്കുകയും തൊഴിലാളികളുടെ സാമൂഹിക സുരക്ഷാ പരിരക്ഷ വർധിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ‘എംപ്ലോയീസ് എൻറോൾമെന്റ് സ്കീം 2025’ ആരംഭിച്ചു. 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ പദ്ധതി, ഇതുവരെ രജിസ്റ്റർ ചെയ്യാത്ത യോഗ്യരായ ജീവനക്കാരെ സ്വമേധയാ പ്രഖ്യാപിച്ച് എൻറോൾ ചെയ്യാൻ തൊഴിലുടമകളെ പ്രോത്സാഹിപ്പിക്കുന്നതാണ്.
മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരെ ഉൾപ്പെടുത്തുമ്പോൾ, പിഴയായി നാമമാത്രമായ ₹100 മാത്രം അടച്ചാൽ മതിയാകും. ജീവനക്കാരുടെ വിഹിതം മുൻപ് ശമ്പളത്തിൽ നിന്ന് പിടിച്ചിട്ടില്ലെങ്കിൽ, അത് തൊഴിലുടമകൾ തിരിച്ചടയ്ക്കേണ്ടതില്ല; തൊഴിലുടമയുടെ വിഹിതം മാത്രം നിശ്ചിത കാലയളവിനായി അടച്ചാൽ മതി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) 73-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി, കേന്ദ്ര തൊഴിൽ മന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
തൊഴിൽ മന്ത്രാലയത്തിന്റെ വാക്കുകളിൽ, ഈ പദ്ധതി കൂടുതൽ തൊഴിലാളികളെ ഔപചാരിക തൊഴിലിലേക്കു കൊണ്ടുവരാനും, തൊഴിലുടമകൾക്ക് ബിസിനസ് പ്രവർത്തനങ്ങൾ ലളിതമാക്കാനുമാണ് സഹായിക്കുക. 2017 ജൂലൈ 1 മുതൽ 2025 ഒക്ടോബർ 31 വരെ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നിട്ടും ഇ.പി.എഫ് പദ്ധതിയിൽ ഉൾപ്പെടാത്ത ജീവനക്കാരാണ് ഈ പദ്ധതിയുടെ പ്രയോജനക്കാർ. ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ, ജോലി വിട്ടുപോയ ജീവനക്കാരുടെ കാര്യത്തിൽ, ഇ.പി.എഫ്.ഒ സ്വമേധയാ നടപടി എടുക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Tag: Employees don’t have PF? Employers have the opportunity to join the scheme by paying a fine of Rs 100



