കേരള എക്സ്പ്രസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല, പ്രതിയുടേത് കൊലപ്പെടുത്താനുള്ള ശ്രമം, വധശ്രമത്തിന് കേസെടുത്തു

കേരള എക്സ്പ്രസിൽ പെൺകുട്ടിയെ ചവിട്ടി തള്ളിയ സംഭവത്തിൽ പ്രതിയായ തിരുവനന്തപുരം പനച്ചമൂട് സ്വദേശി സുരേഷ് കുമാർ (50)ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി പൊലീസ് കേസ് എടുത്തു. തിരുവനന്തപുരം റെയിൽവേ പൊലീസാണ് സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
പേയാട് സ്വദേശിനിയായ സോനു (ശ്രീക്കുട്ടി, 19)യെ ട്രെയിനിലെ വാതിലിനരികിൽ നിന്നതിനോടുള്ള അസഹിഷ്ണുതയിലാണ് സുരേഷ് കുമാർ നടുവിൽ ചവിട്ടി പുറത്തേക്ക് തള്ളിയതെന്ന് എഫ്‌ഐആറിൽ പറയുന്നു. സംഭവം ഞായറാഴ്ച രാത്രി 8.30ഓടെ, തിരുവനന്തപുരം ദിശയിൽ പോവുകയായിരുന്ന കേരള എക്സ്പ്രസിന്റെ എസ്എൽആർ കോച്ചിൽ വർകലയ്ക്ക് സമീപത്താണ് നടന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു പുറത്തേക്ക് തള്ളിയിട്ടത് സോനുവിനെ കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം കണ്ട സോനുവിന്റെ സുഹൃത്ത് അർച്ചനയെയും പ്രതി പിടിച്ച് തള്ളിയതായും കൊലപ്പെടുത്താൻ ശ്രമിച്ചതായും എഫ്‌ഐആറിൽ പറയുന്നു.
അതേസമയം, സംഭവസമയത്ത് കേരള എക്സ്പ്രസിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഡ്യൂട്ടിയിലില്ലായിരുന്നുവെന്നാണ് വിവരം. ക്രൈം പാറ്റേൺ അനുസരിച്ചാണ് ട്രെയിനുകളിൽ ആർപിഎഫ് സുരക്ഷാ ജീവനക്കാരെ വിന്യസിക്കുന്നതെന്നും, സാധാരണ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ട്രെയിനുകളിൽ പൊലീസ് സാന്നിധ്യം ഉണ്ടാവാറില്ലെന്നും ആർപിഎഫ് വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ മതിയായ അംഗബലം ലഭ്യമല്ലാത്തതിനാൽ ക്രൈം ഡാറ്റയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ വിന്യാസം നടത്തുന്നതെന്നും വിശദീകരിച്ചു.
Tag: No police officer was on duty in Kerala Express, attempt to kill accused, case registered for attempt to murder



