keralaKerala NewsLatest NewsNewsSabarimala

ശബരിമല സ്വർണ കട്ടിള കേസ്: ബോർഡ് പ്രസിഡന്റുമാർക്ക് പങ്കെന്ന് അന്വേഷണ സംഘം

സ്വർണപ്പാളികൾ കൈമാറ്റം ചെയ്തത് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും മറ്റ് അംഗങ്ങളുടെയും അറിവോടെ

റാന്നി: ശബരിമല ശ്രീകോവിലിന്റെ കട്ടിളയിൽ സ്വർണം പൊതിഞ്ഞ പാളികൾ പുറത്തുകൊണ്ടുപോയ സംഭവത്തിൽ ഗുരുതരമായ കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം. സ്വർണപ്പാളികൾ കൈമാറ്റം ചെയ്തത് ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും മറ്റ് അംഗങ്ങളുടെയും അറിവോടെയാണ് എന്നാണ് പ്രതികളിലൊരാളായ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്.2019 മേയ് 18-നാണ് കട്ടിളപ്പാളികൾ അഴിച്ചുമാറ്റി സ്വർണം പൂശാനായി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.

ആ സമയം എ. പത്മകുമാർ (നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം) ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻ്റ്. കെ.ടി. ശങ്കർദാസ്, എൻ. വിജയകുമാർ എന്നിവരായിരുന്നു ബോർഡ് അംഗങ്ങൾ.


2019 നവംബറിൽ എൻ. വാസു ബോർഡ് പ്രസിഡൻ്റായപ്പോൾ മറ്റൊരു പ്രതിയായ സുധീഷ് കുമാർ അദ്ദേഹത്തിൻ്റെ പഴ്സനൽ അസിസ്റ്റൻ്റായിരുന്നു. കട്ടിളപ്പാളികളും ദ്വാരപാലക ശിൽപ പാളികളും അഴിക്കുന്ന സമയത്ത് സുധീഷ് കുമാർ ശബരിമല എക്സിക്യൂട്ടീവ് ഓഫിസറുമായിരുന്നു. സ്വർണം പൂശിയ ദ്വാരപാലക ശിൽപപാളികൾ ‘ചെമ്പ്’ എന്ന് രേഖപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ വഴിവിട്ട് സഹായം നൽകിയിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.എൻ. വാസുവിൻ്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

സംശയിക്കപ്പെടുന്ന ഉദ്യോഗസ്ഥരിൽ ചിലർ ഇപ്പോൾ ദേവസ്വം ബോർഡിൽ വിജിലൻസ് വിഭാഗത്തിൽ അടക്കം പ്രധാന ചുമതലകളിൽ ഉണ്ട്. ഇത്തരത്തിൽ സംശയിക്കപ്പെടുന്ന ചില ഉദ്യോഗസ്ഥർ നിലവിൽ അവധിയിൽ പ്രവേശിച്ചതായും വിവരമുണ്ട്.

നികുതി വെട്ടിപ്പിലൂടെയും വഴിവിട്ട സഹായങ്ങളിലൂടെയും നടന്ന ഈ സ്വർണ്ണക്കട്ടിള വിവാദത്തിൽ, ദേവസ്വം ബോർഡിൻ്റെ ഉന്നത തലത്തിലുള്ളവർക്ക് പങ്കുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നത് കേസിൻ്റെ ഗൗരവം വർദ്ധിപ്പിക്കുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

tag; Sabarimala gold ornament case: Investigating team finds board presidents involved

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button