കേരളത്തിലേക്ക് ഒരു വർഷം ഒന്നര ലക്ഷം കോടിയുടെ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നു.

കേരളത്തിലേക്ക് ഒരു വർഷം ഒന്നര ലക്ഷം കോടിയുടെ സ്വർണ്ണ കള്ളക്കടത്ത് നടക്കുന്നു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലൂടെ പ്രതി വർഷം ഇത്രയും ഭീമായ തോതിൽ സ്വർണ്ണകടത്തു നടക്കുന്നത് ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. തുടർന്നാണ് വിവിധ ഏജൻസികളെ ഏകോപിപ്പിച്ച് കേന്ദ്രം സ്വർണ്ണ കള്ളക്കടത്ത് സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവായത്. പ്രതി വർഷം 150 ടണ്ണോളം സ്വർണ്ണം അനധികൃതമായി കേരളത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം ഉന്നത തലത്തിലുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ്. അത് ഒരു പക്ഷെ കേരളത്തിനെ ആടിയുലക്കുന്ന തരത്തിലായാലും അതിശയിക്കേണ്ടതില്ല.

കേരളത്തിലെ ചില പ്രമുഖ വ്യവസായികൾ, ചില ബിസിനസ്സ് സ്ഥാപനങ്ങൾ, പ്രമുഖ രാഷ്ട്രീയ കക്ഷിയിലെ ചില നേതാക്കൾ തുടങ്ങി കേരളത്തിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർക്ക് സ്വർണ്ണ കടത്തിൽ പങ്കുണ്ട്. ഇക്കാര്യത്തിൽ വി. വി.ഐ.പികൾ വരെ സമ്പർക്ക പട്ടികയിൽ വരും. പേരുകേട്ട വ്യവസായ പ്രമുഖരുടെ പങ്കാളിത്ത സൂചനകൾ ആണ് ഇപ്പോൾ ലഭ്യമായി കൊണ്ടിരിക്കുന്നത്. കേസന്വേഷണം തുടരുമ്പോൾ, രാജ്യത്തെ പ്രമാദമായ കേസുകളിലൊന്നായി സ്വർണ്ണക്കള്ളക്കടത്ത് മാറുകയാണ്. ഹവാല ഇടപാടുകൾക്ക് അണിയറയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര ബന്ധമുള്ള വ്യവസായ പ്രമുഖൻ, ഉന്നത രാഷ്ട്രീയ നേതാവ്, ചില പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾ തുടങ്ങിയവർ ഒക്കെ കേസുമായി ബന്ധപ്പെടുന്ന കണ്ണികളാണ്. പാകിസ്‌ഥാൻ ചാര സംഘടന ഫണ്ട് ചെയ്യുന്ന ചില സ്ഥാപനങ്ങൾ കേരളത്തിൽ പ്രവർത്തിക്കുന്നുവെന്ന വിവരം ആണ് ഇക്കൂട്ടത്തിൽ സുപ്രധാനം.

വൻകിട വ്യവസായ സംരംഭങ്ങളോ ഫാക്ടറികളോ ഇല്ലാത്ത കേരളത്തിന്റെ സമ്പദ് ഘടനയെ തന്നെ താങ്ങി നിർത്തുന്നത്തിൽ മുഖ്യ പങ്കു വഹിക്കുന്നത് കള്ളക്കടത്തു വഴിയുള്ള പണമെന്ന നിഗമനത്തിലേക്ക് നേരത്തെ തന്നെ രഹസ്യാന്വേഷണ ഏജൻസികൾ എത്തിയിരുന്നു. ഇത് സംബന്ധിച്ച ചില റിപ്പോർട്ടുകൾ അവർ കേന്ദ്രത്തിനും കൈമാറി. ഒരു സമാന്തര സാമ്പത്തിക ശക്തിയായി കള്ളക്കടത്തു ലോബി കേരളത്തിൽ വളർന്നു കഴിഞ്ഞിരിക്കുന്നു. ഇവരാണ് സംസ്ഥാനത്തെ വിവിധ മേഖലകളെ ഇന്ന് നിയന്ത്രിക്കുന്നത്. രാഷ്ട്രീയം, മതം, സാംസ്കാരികം, സിനിമ, മാധ്യമ മേഖല , ക്വാറി വ്യവസായം,തുടങ്ങി ഒട്ടു മിക്ക മേഖലകളും, സ്വർണ്ണ കടത്തു ലോബിയുടെയും ഹവാല പണമിടപാടുകാരുടെയും സ്വാധീനത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് കള്ളക്കടത്ത് വഴിവരുന്ന പണം കൈമാറുന്നത് രാജ്യ സുരക്ഷയെ ബാധിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രം കേരളത്തെ പിടിച്ചുകുലുക്കാൻ പോലും ഇടവരുത്താവുന്ന അന്വേഷണം പ്രഖ്യാപിക്കുന്നത്.
ഒരു കാലത്തു രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ നിയന്ത്രിച്ചിരുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് നടന്ന അന്വേഷണങ്ങൾക്കു ശേഷം വിവിധ ഏജൻസികൾ ഏകോപിപ്പിച്ചു നടക്കുന്ന വിപുലമായ അന്വേഷണമാണ് നിലവിൽ കേരളത്തിൽ നടക്കുന്നത്. രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബയിൽ ബദൽ സാമ്പത്തിക ശക്തിയായി വളർന്നു രാജ്യത്തിൻറെ രാഷ്ട്രീയവും സാമൂഹികവുമായ ചലനങ്ങളെ പോലും നിയന്ത്രിച്ചിരുന്ന ദാവൂദിന്റെ സാമ്രാജ്യം കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾക്കു സമാനമാണ് ഇപ്പോൾ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം എന്നുവേണം പറയാൻ.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങൾക്കും ശിഥിലീകരണ പ്രവർത്തനങ്ങൾക്കുമുള്ള പണം ഒഴുകുന്ന പ്രധാന കേന്ദ്രം കേരളമാണെന്നതാണ് അന്വേഷണത്തിലൂടെ അഴിച്ചെടുക്കപ്പെടുന്ന രഹസ്യം. അതിനുള്ള പ്രധാന മാർഗ്ഗം സ്വർണ്ണ കടത്തും ഹവാലയുമാണെന്നതും ശ്രദ്ധേയമാണ്. അഫ്ഗാനിസ്ഥൻ, മ്യാന്മാർ, ശ്രീലങ്ക, പാകിസ്‌ഥാൻ, ബംഗ്ളദേശ്, നേപ്പാൾ, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരവാദ ഗ്രൂപ്പുകളുമായി ചേർന്ന് കള്ളക്കടത്തും ഹവാല ഇടപാടുകളും നടക്കുന്നതായുള്ള വിവരങ്ങൾ സംബന്ധിച്ച് അന്വേഷണ ഏജസികൾ തെളിവ് ശേഖരിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നതിനും, ഇതോടെ ഉറപ്പായിരിക്കുകയാണ്.
മുതിർന്ന സർക്കാർ ജീവനക്കാരും, ഭരണ ഘടന പദവികൾ വഹിക്കുന്നവരും കേസിൽ ഉൾപ്പെട്ടിരിക്കുന്നു. സ്വർണ്ണ കടത്തുകാർ ഷെൽ കമ്പനികളിലും മറ്റും വ്യാപകമായി നിക്ഷേപം ഇറക്കിയിട്ടുണ്ട്. ബിനാമി നിക്ഷേപം ഇതിനു പുറമെയാണ്. തോട്ടങ്ങൾ, ഉൾപ്പെടെയുള്ള ഭൂമിയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നടന്നിട്ടുള്ള ബിനാമി നിക്ഷേപങ്ങൾ അടുത്ത ദിവസങ്ങളിൽ അന്വേഷണ പരിധിയിൽ വരുകയാണ്. സി.ബി.ഐ യും ഇൻകം ടാക്സും, കേസിൽ പങ്കാളികളാവുകയാണ്. വെവ്വേറെ കേസ് രജിസ്റ്റർ ചെയ്താകും ഇവർ തുടർന്നുള്ള അന്വേഷണം നടത്തുന്നത്. കിങ്ഫിഷർ എയർലൈൻസ് തട്ടിപ്പു കേസ്സുപോലെയോ, നീരവ് മോഡി കേസ്സുപോലെയോ, അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്ന ചില നടപടികൾ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് കേരളത്തിൽ ഉണ്ടായാൽ അതിശയിക്കേണ്ടതില്ല. ആ നിലക്കാണ് കാര്യങ്ങളുടെ പോക്ക്.
സ്വർണ്ണ കടത്തു കേസുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന ചില വാർത്തകളിൽ അപാകതകൾ കയറി കൂടുന്നതായി ഏജൻസികൾ സൂചന നൽകുന്നു. സത്യവുമായി പുല ബന്ധം പോലുമില്ലാത്ത കാര്യങ്ങൾ ഒരേ പോലെ മാധ്യങ്ങളിൽ വരുന്നത് എങ്ങനെയെന്ന് ഏജൻസികളെ പോലും അമ്പരപ്പിച്ചിരിക്കുന്നു. കേസിന്റെ ഗതി മാറ്റാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്വർണ്ണ കേസിൽ സ്വപ്നയുടേതായി പുറത്തു വരുന്ന ചില മൊഴികൾ സംബന്ധിച്ച വാർത്തകൾ ആണ് ഇതിനു മുഖ്യ ഉദാഹരണം. സ്വർണ്ണ കടത്തിൽ ശിവശങ്കറിന് ഒരു പങ്കുമില്ലെന്ന് സ്വപ്‍ന മൊഴി നൽകിയെന്ന വാർത്തയിൽ ഒരു അടിസ്ഥാനാവും ഇല്ലെന്നതാണ് ഇതിൽ ഒന്ന്. യു.എ.ഇ അറ്റാഷേക്ക് ആയിരം ഡോളർ വെച്ച് ഓരോ കടത്തിനും പ്രതിഫലം ലഭിക്കുമെന്ന തരത്തിലുള്ള വാർത്തകളും തെറ്റാണ്. അത്തരത്തിലുള്ള ഒരു വിവരവും എൻ ഐ ക്ക് ലഭിച്ചിട്ടില്ല. അവർക്ക് ലഭിച്ച മൊഴികൾ സംബന്ധിച്ച മുഖ്യമായ വിവരങ്ങൾ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതുവരെ മാധ്യമങ്ങൾക്ക് പങ്ക് വെച്ചിട്ടുമില്ല.