“10 മില്ലി മദ്യം കെെവശം വച്ചതിന് അറസ്റ്റ്: ‘ഇത് ബനാന റിപ്പബ്ലിക്കല്ല!’ പൊലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് കോടതി

വളാഞ്ചേരിയിൽ 10 മില്ലിലിറ്റർ മദ്യം കൈവശം വെച്ചതിനായി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, പൊലീസിന്റെ നടപടിയെ കോടതി ശക്തമായി വിമർശിച്ചു. “ഇത് ബനാന റിപ്പബ്ലിക്കല്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്,” എന്ന് മഞ്ചേരി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പരാമർശിച്ചു. വളാഞ്ചേരി പൊലീസിലെ സബ് ഇൻസ്പെക്ടറുടെ നടപടിയെയാണ് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചത്.
തിരൂർ പൈങ്കണ്ണൂർ സ്വദേശിയായ ധനേഷ് (32) എന്ന യുവാവിനെയാണ് കഴിഞ്ഞ 25-ന് വളാഞ്ചേരി പൊലീസ് 10 മില്ലിലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വെച്ചതിന് അറസ്റ്റ് ചെയ്ത് ഒരാഴ്ച ജയിലിൽ അടച്ചത്. എന്നാൽ, അബ്കാരി നിയമപ്രകാരം ഒരാൾക്ക് മൂന്നു ലിറ്റർ വരെ മദ്യം കൈവശം വെക്കാനാകുമെന്ന് ചട്ടമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബാർബർ ഷോപ്പ് നടത്തുന്ന ധനേഷ് ഷേവിംഗ് ലോഷനായി ആ മദ്യം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. അറസ്റ്റിൽ അമിത ആവേശം കാട്ടിയ സബ് ഇൻസ്പെക്ടറുടെ ഉദ്ദേശശുദ്ധിയിൽ കോടതി സംശയം പ്രകടിപ്പിക്കുകയും, ധനേഷിന് മദ്യം വിൽക്കുന്ന ഏർപ്പാടുണ്ടായിരുന്നുവെന്ന പൊലീസ് വാദം തള്ളുകയും ചെയ്തു.
Tag: “Arrest for possession of 10 ml of liquor: ‘This is not a banana republic!’ Court strongly criticizes police



