international newsLatest NewsWorld

വീഡിയോ ചോർച്ച വിവാദം; പലസ്തീൻ തടവുകാരനെ മർദിച്ച ദൃശ്യങ്ങൾ പുറത്ത് വിട്ട കേസിൽ മുൻ ഇസ്രയേൽ സൈനിക നിയമ ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തു

പലസ്തീൻ തടവുകാരനെ ക്രൂരമായി മർദിക്കുന്ന ഇസ്രയേൽ സൈന്യത്തിന്റെ വീഡിയോ പുറത്തുവന്ന സംഭവത്തിൽ ഇസ്രയേൽ സൈന്യത്തിലെ മുൻ ലീഗൽ ഓഫീസർ ജനറൽ യിഫാത് ടോമർ യെറുഷൽമിയെ അറസ്റ്റ് ചെയ്തു. സൈനികർ ഉൾപ്പെട്ട വീഡിയോ മാധ്യമങ്ങളിലേക്ക് പുറത്ത് വിടാൻ താനാണ് അനുമതി നൽകിയതെന്ന് യിഫാത് സമ്മതിച്ചതോടെയാണ് നടപടി.

കഴിഞ്ഞ ആഴ്ച ഇസ്രയേൽ പ്രതിരോധ സേനയിലെ സൈനിക അഡ്വക്കേറ്റ് ജനറൽ സ്ഥാനത്ത് നിന്ന് യിഫാത് രാജിവെച്ചിരുന്നു. വീഡിയോ ചോർച്ചയ്ക്ക് താനാണ് പൂർണ ഉത്തരവാദിയെന്ന് സമ്മതിച്ച് നൽകിയ രാജിക്കുറിപ്പിൽ അവൾ പറഞ്ഞിരുന്നു. ഞായറാഴ്ച യിഫാതിനെ കാണാനില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ അവരെ ജീവനോടെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 24നാണ് വിവാദ വീഡിയോ ഇസ്രയേൽ ന്യൂസ് ചാനൽ പുറത്തുവിട്ടത്. തെക്കൻ ഇസ്രയേലിലെ സ്‌ഡെ ടെയ്മൻ സൈനിക കേന്ദ്രത്തിൽ തടവുകാരനെ സൈനികർ ഷീൽഡ് ഉപയോഗിച്ച് വളഞ്ഞ് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ തടവുകാരന്റെ മലാശയത്തിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുന്നതും കാണാമായിരുന്നു. സംഭവം പുറത്തുവന്നതിനെ തുടർന്ന് അഞ്ച് റിസർവിസ്റ്റുകൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഉദ്യോഗസ്ഥർ ആരോപണം നിഷേധിച്ചിരുന്നു.

വീഡിയോ ചോർച്ചയെ തുടർന്ന് കഴിഞ്ഞ ആഴ്ച അന്വേഷണത്തിന് തുടക്കമായിരുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ അവധിയിൽ പോകാൻ യിഫാതിനോട് നിർദേശം നൽകിയിരുന്നു. എന്നാൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്സ് യിഫാത് ഇനി പദവിയിലേക്ക് തിരിച്ചെത്തില്ലെന്ന് വ്യക്തമാക്കിയതോടെ അവർ രാജിവെച്ചു.

Tag: Video leak controversy: Former Israeli military law officer arrested for leaking footage of beating of Palestinian prisoner

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button