ഇന്ത്യൻ വംശജൻ ന്യൂയോർക്ക് മേയർ; ഏറ്റവും പ്രായം കുറഞ്ഞ മേയറായി സൊഹ്റാൻ മംദാനി

ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ സൊഹ്റാൻ മംദാനി വൻഭൂരിപക്ഷത്തിൽ വിജയിച്ചു. തിരഞ്ഞെടുപ്പിന്റെ ആരംഭം മുതൽ തന്നെ മംദാനി വ്യക്തമായ ലീഡ് നിലനിർത്തി. ഇന്ത്യൻ വംശജനായ മംദാനി ന്യൂയോർക്കിന്റെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വംശജനായും ആദ്യ മുസ്ലിം മതവിഭാഗക്കാരനുമായ മേയറാണ്. കൂടാതെ, നഗരത്തിന്റെ ഇതുവരെയുള്ള ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് അദ്ദേഹം. മംദാനി പ്രശസ്ത ഇന്ത്യൻ സംവിധായിക മീരാ നായറിന്റെ മകനാണ്.
മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് മംദാനി ന്യൂയോർക്ക് നഗരത്തിന്റെ 111-ാമത്തെ മേയറായി സ്ഥാനം ഉറപ്പിച്ചത്.
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മംദാനിക്കെതിരെ ശക്തമായ പ്രചാരണം നടത്തി. മംദാനി വിജയിച്ചാൽ ന്യൂയോർക്കിന് ഫെഡറൽ ഫണ്ടുകൾ കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് മേയറായി തെരഞ്ഞെടുക്കപ്പെടുന്നത് നഗരത്തിന് അപകടകരമാകുമെന്ന് അദ്ദേഹം ആരോപിക്കുകയും, മംദാനിയെ “കമ്യൂണിസ്റ്റ് ഭ്രാന്തൻ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. “അമേരിക്ക ഒരിക്കലും കമ്മ്യൂണിസ്റ്റ് രാജ്യമാകില്ല, അത് ഞാൻ അനുവദിക്കില്ല,” എന്ന് ട്രംപ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, മംദാനിയുടെ നിലപാടുകൾ അദ്ദേഹത്തിന്റെ ആശയവാദിത്വത്തെ വ്യക്തമായി പ്രകടമാക്കുന്നതാണ്. ഗുജറാത്ത് മുതൽ ഗാസ വരെ, ഇടതുപക്ഷ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയോടെ അദ്ദേഹം നിലപാടുകൾ എടുത്തിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വവിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ, LGBTQ+ അവകാശങ്ങൾ, ഇസ്രായേൽ-പലസ്തീൻ പ്രശ്നം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ രാഷ്ട്രീയധാര, ആഗോള കുടിയേറ്റം, കാലാവസ്ഥാ നീതി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം വ്യക്തമായ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്.
ന്യൂയോർക്ക് നഗരത്തിനായി മംദാനി മുന്നോട്ടുവച്ച പ്രധാന വാഗ്ദാനങ്ങളിൽ വാടക നിയന്ത്രണം, സൗജന്യ ശിശുസംരക്ഷണം, സാമൂഹിക നീതിയിലൂന്നിയ നഗര വികസന മാതൃക എന്നിവ ഉൾപ്പെടുന്നു.
Tag: Indian- origin NewYork mayor; Sohran Mandani becomes youngest mayor



