”സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 30,000 രൂപയുടെ ധനസഹായം ഉടൻ”; തേജസ്വി യാദവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ തർക്കം

മഹാസഖ്യം അധികാരത്തിലെത്തിയാൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 30,000 രൂപയുടെ ധനസഹായം ഉടൻ നൽകുമെന്ന് തേജസ്വി യാദവ് പ്രഖ്യാപിച്ചതിനെ തുടർന്ന് ബിഹാറിൽ രാഷ്ട്രീയ തർക്കം ശക്തമായി. തേജസ്വിയുടെ പ്രഖ്യാപനത്തെ ബിജെപി പരിഹസിച്ചപ്പോൾ, അദാനിയുടെ പേരെടുത്ത് കോൺഗ്രസ് മറുപടി നൽകി.
ബിഹാർ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിന് തോൽവി ഉറപ്പാണെന്നും, തോൽവിയുടെ ഭയം കൊണ്ടാണ് ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ നടത്തുന്നതെന്നും ബിജെപി നേതാവ് രവി കിഷൻ ട്വന്റിഫോറിനോട് പ്രതികരിച്ചു. “തോൽവി ഉറപ്പായപ്പോൾ എന്തും പറയാം. തേജസ്വിക്ക് ബിഹാർ മുഴുവൻ എഴുതിക്കൊടുക്കുമെന്നും പറയാൻ ബുദ്ധിമുട്ടില്ല,” എന്നും അദ്ദേഹം പറഞ്ഞു.
തേജസ്വിയുടെ വാഗ്ദാനം വെറും വാക്കല്ലെന്നും അത് പാലിക്കുമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര മറുപടിയായി വ്യക്തമാക്കി. “അദാനിക്ക് ഒരു രൂപയ്ക്ക് ഭൂമി നൽകാൻ കഴിയുമ്പോൾ, ബിഹാറിലെ സ്ത്രീകൾക്ക് 30,000 രൂപ നൽകുന്നത് അസാധ്യമല്ല. അത് ഞങ്ങൾ നടപ്പാക്കും,” എന്നും ഖേര പ്രസ്താവിച്ചു.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ് നടക്കുന്നത്. 121 മണ്ഡലങ്ങളിലാണ് ജനവിധി രേഖപ്പെടുത്തുന്നത്. മൂന്ന് കോടി 75 ലക്ഷം വോട്ടർമാരാണ് 1314 സ്ഥാനാർത്ഥികൾക്കായി വോട്ട് ചെയ്യുന്നത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിപദാർത്ഥി തേജസ്വി യാദവ് അടക്കം പ്രമുഖർ ആദ്യഘട്ടത്തിൽ തന്നെ ജനവിധി തേടുന്നു.
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. രാഘോപൂരിൽ നിന്ന് തേജസ്വി യാദവ്, താരാപൂരിൽ നിന്ന് ബിജെപിയുടെ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ലഖിസരായിൽ നിന്ന് വിജയ് കുമാർ സിന്ഹ, മഹുവയിൽ നിന്ന് തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപ് യാദവ് എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ. അലിനഗറിൽ ഗായിക മൈഥിലി ഠാക്കൂർ താര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
Tag: ”Financial assistance of Rs 30,000 to women’s bank accounts soon”; Political controversy follows Tejashwi Yadav’s announcement



