അമേരിക്കയിലെ ലൂയിവിൽ നഗരത്തിൽ ചരക്കുവിമാനം തകർന്നുവീണ് അപകടം; മൂന്ന് ജീവനക്കാർ മരിച്ചു

അമേരിക്കയിലെ ലൂയിവിൽ നഗരത്തിൽ ചരക്കുവിമാനം തകർന്നുവീണ് അപകടം. വ്യവസായ മേഖലയിലുള്ള മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻതന്നെയാണ് ദുരന്തം സംഭവിച്ചത്. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ ചരക്കുവിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരും മരണപ്പെട്ടു. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങൾക്കകം വിമാനം തകർന്നുവീണെന്നാണ് റിപ്പോർട്ടുകൾ. റൺവേയിലൂടെ നീങ്ങുന്നതിനിടെ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നതായും പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു. അപകടം നടന്ന പ്രദേശം വ്യവസായ മേഖല ആയതിനാൽ സമീപത്തുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
34 വർഷം പഴക്കമുള്ള വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്. ലൂയിവിൽ മെട്രോ എമർജൻസി സർവീസസ് അറിയിച്ചതനുസരിച്ച്, വിമാനത്താവളത്തിന് വടക്കുഭാഗത്ത് ഒഹായോ നദിവരെയുള്ള പ്രദേശങ്ങളിൽ ഷെൽട്ടർ-ഇൻ-പ്ലേസ് ഉത്തരവ് നൽകിയിട്ടുണ്ട്.
1991-ൽ നിർമ്മിതമായ മക്ഡൊണൽ ഡഗ്ലസ് എംഡി-11 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഏകദേശം 38,000 ഗാലൺ ഇന്ധനം ഉണ്ടായിരുന്നതും അതാണ് തീപിടിത്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടം പ്രാദേശിക സമയം വൈകിട്ട് 5.15 ഓടെയാണ് നടന്നത്.
Tag: Cargo plane crashes in Louisville, USA; three crew members killed



