indiaLatest NewsNationalNewsUncategorized

ബിഹാറിൽ ജെഡിയു നേതാവിന്റെ സഹോദരനും ഭാ​ര്യയും മകളും മരിച്ചനിലയിൽ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ, ജെഡിയു നേതാവിന്റെ സഹോദരനും ഭാ​ര്യയും മകളും മരിച്ചനിലയിൽ. ജെഡിയു നേതാവ് നിരഞ്ജൻ കുശ്വാഹയുടെ ജ്യേഷ്ഠനായ നവീൻ കുശ്വാഹ, ഭാര്യ കാഞ്ചൻ മാല സിംഗ്, മകളും എംബിബിഎസ് വിദ്യാർത്ഥിനിയുമായ തനുപ്രിയയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പുര്‍ണിയ ജില്ലയിലെ കേഹത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള യൂറോപ്യൻ കോളനിയിലെ നവീന്റെ വസതിയിലാണ് ചൊവ്വാഴ്ച രാത്രി സംഭവം നടന്നത്. പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണകാരണം വ്യക്തമാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

52 വയസ്സുകാരനായ നവീൻ കുശ്വാഹ ഒരുകാലത്ത് പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2010ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി ടിക്കറ്റിൽ മത്സരിച്ചിരുന്ന അദ്ദേഹം പിന്നീട് വ്യാപാരരംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സഹോദരനായ നിരഞ്ജൻ കുശ്വാഹ മുൻപ് ആർജെഡി പ്രവർത്തകനായിരുന്നു, ധംധ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതിനാൽ പിന്നീട് ജെഡിയുവിലേക്ക് ചേരുകയായിരുന്നു.

സംഭവത്തെ കുറിച്ച് പോലീസ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ലെങ്കിലും നിരഞ്ജൻ കുശ്വാഹ മാധ്യമങ്ങളോട് പ്രതികരിച്ചു. തനുപ്രിയ പടിക്കെട്ടിൽ നിന്ന് തെറ്റി വീണതാണെന്നും, മകളെ രക്ഷിക്കാനായി ഓടിച്ചെന്ന നവീനും അതേ സ്ഥലത്ത് വീണുവെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ട ഞെട്ടലിൽ കാഞ്ചൻ മാല സിംഗിന് ഹൃദയാഘാതമുണ്ടായതാണെന്നും നിരഞ്ജൻ വ്യക്തമാക്കി.

നവീന്റെ കുടുംബത്തിന്റെ മരണവാർത്ത അറിഞ്ഞ് പുര്‍ണിയ എംപി പപ്പു യാദവ്, സംസ്ഥാനമന്ത്രി ലേശി സിംഗ്, പുര്‍ണിയ സദർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജിതേന്ദ്ര യാദവ് എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ സ്ഥലത്തെത്തി. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്ന് പപ്പു യാദവ് ആവശ്യപ്പെട്ടു.

Tag: JDU leader’s brother, wife and daughter found dead in Bihar

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button