ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

തിരുവനന്തപുരം ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കൊടുമൺ സ്വദേശിയായ വിജയൻ (57) ആണ് മരിച്ചത്. കഴിഞ്ഞ മാസം ആദ്യ ആഴ്ച കാലിന് പരിക്കേറ്റതിനെ തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വിജയനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അവിടെ നടത്തിയ രക്തപരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. കെട്ടിടനിർമാണ തൊഴിലാളിയായ വിജയന് രോഗം എവിടെ നിന്നാണ് പിടിപെട്ടതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ നഗരസഭ ഇടപെട്ട് വീടും പരിസരവും പരിശോധിക്കുകയും കുടിവെള്ള പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ രോഗബാധ വീട്ടിൽ നിന്നല്ലെന്നു കണ്ടെത്തിയിരുന്നു.
ഒരു മാസത്തോളമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിജയന് രണ്ടുദിവസം മുൻപ് പനി വന്നതിനെ തുടർന്ന് നില വഷളായി, ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.
ഭാര്യ അനിത. മക്കൾ അപർണയും അഭിരാമിയും. സംസ്കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും. ഇതിനിടെ നഗരസഭ ആരോഗ്യവിഭാഗം വീടും സമീപ പ്രദേശങ്ങളും ക്ലോറിനേഷൻ നടത്തി.
Tag: A middle-aged man undergoing treatment for amoebic encephalitis in Attingal has died



