അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; കുഞ്ഞിന്‍റെ അമ്മൂമ്മയെ സംശയിച്ച് പൊലീസ്

അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി. കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണെന്നതാണ് പൊലീസ് പ്രാഥമിക സംശയം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമ്മൂമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആൻറണിയും റൂത്തും ദമ്പതികളായ ദമ്പതികളുടെ മകൾ, ആറുമാസം പ്രായമുള്ള ഡൽന മരിയ സാറയാണ് മരിച്ചത്. കഴുത്തിൽ മുറിവേറ്റ നിലയിൽ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആ സമയത്ത് കുഞ്ഞിന്റെ മാതാപിതാക്കളും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് അമ്മൂമ്മയുടെ അരികിൽ കിടക്കുകയായിരുന്നു.
സംഭവസമയത്ത് കുഞ്ഞിന്റെ അമ്മ അടുക്കളയിൽ ആയിരുന്നു. ഒച്ച കേട്ട് ഓടിയെത്തിയപ്പോൾ കുഞ്ഞ് കഴുത്തിൽ മുറിവേറ്റ നിലയിൽ രക്തസ്രാവത്തോടെ കിടക്കുന്നത് കണ്ടതായാണ് മൊഴി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്
അമ്മൂമ്മ കുഞ്ഞിന്റെ അരികിൽ കിടന്ന നിലയിൽ കണ്ടെത്തിയതായും, രണ്ടുമാസം മുമ്പും ഇവർ മരുന്ന് ഓവർഡോസ് എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. അമ്മൂമ്മക്കായി കുഞ്ഞിന്റെ അമ്മ കഞ്ഞിയെടുക്കാൻ അടുക്കളയിൽ പോയിരിക്കെയായിരുന്നു സംഭവം നടന്നതെന്നും പഞ്ചായത്ത് അംഗം വ്യക്തമാക്കി. ആശുപത്രിയിൽ കുഞ്ഞിന്റെ ആഴത്തിലുള്ള മുറിവ് കണ്ടതിനെത്തുടർന്നാണ് അധികൃതർ പൊലീസിനെ അറിയിച്ചത്.
അമ്മൂമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളും സോഡിയം കുറവിനുള്ള അസുഖവും ഉണ്ടായിരുന്നുവെന്നാണ് ലഭിച്ച വിവരം. കുഞ്ഞിന്റെ അമ്മയുടെ മൊഴിയടക്കം പൊലീസ് ഉടൻ രേഖപ്പെടുത്തും.
Tag: Six-month-old baby murdered in Angamaly; Police suspect baby’s grandmother



