ഛത്തീസ്ഗഢ് ട്രെയിൻ അപകടം; മരണം 11 ആയി,ഇരുപതോളം പേർക്ക് പരിക്ക്

ഛത്തീസ്ഗഢ് ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തിൽ മരണം 11 ആയി. ഇരുപതോളം പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് പൂർണമായും തകർന്ന നിലയിലായിരുന്നു.
ലോക്കോ പൈലറ്റ് റെഡ് സിഗ്നൽ മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാനുമായി റെയിൽവേ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
കോർബയിലെ ഗേവ്‌റയിൽ നിന്ന് ബിലാസ്പൂരിലേക്കുള്ള മെമു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോവുകയായിരുന്ന ഗുഡ്സ് ട്രെയിനിന്റെ പിന്നിലേക്കാണ് പാസഞ്ചർ ട്രെയിൻ ഇടിച്ചത്. ഗതോറയും ബിലാസ്പൂർ റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം നടന്നത്. പാസഞ്ചർ ട്രെയിനിന്റെ ആദ്യത്തെ മൂന്ന് കോച്ചുകളിലുണ്ടായ യാത്രക്കാരാണ് അപകടത്തിൽ കൂടുതൽ ബാധിതരായത്.
Tag: Chhattisgarh train accident; Death toll rises to 11, around 20 injured



