കൂട്ടക്കുഴിമാടങ്ങൾ; സുഡാനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരത

ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) പിടിച്ചെടുത്ത എൽ ഫാഷർ നഗരത്തിൽ കൂട്ടക്കുഴിമാടങ്ങൾ കുഴിക്കപ്പെടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെയാണ് സർക്കാർ സേനയുടെ നിയന്ത്രണത്തിൽ നിന്നു നഗരം ആർഎസ്എഫ് പിടിച്ചെടുത്തത്.
പടിഞ്ഞാറൻ ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഫാഷറിൽ കൂട്ടക്കൊലകളും നടന്ന്, ആയിരക്കണക്കിന് പേർ ജീവൻ രക്ഷിക്കാൻ നഗരത്തിൽ നിന്ന് രക്ഷപ്പെടേണ്ടിവന്നതായി റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിലുടനീളം മൃതദേഹങ്ങൾ ശേഖരിക്കാനും കൂട്ടക്കുഴിമാടങ്ങൾ കുഴിക്കാനും ആർഎസ്എഫ് ആരംഭിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ യേൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി.
കൂട്ടക്കൊലകളുടെ തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് ആർഎസ്എഫ് നടത്തുന്നതെന്ന് യേൽ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബ് എക്സിക്യൂട്ടീവ് ഡയറക്ടർ നാഥാനിയേൽ റെയ്മണ്ട് അൽ ജസീറയോട് പറഞ്ഞു. “പത്ത് ദിവസത്തിനുള്ളിൽ ഗാസയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊല്ലപ്പെട്ടവരെക്കാൾ കൂടുതലായിരിക്കും ഇവിടെ മരിച്ചിട്ടുള്ളത്,” റെയ്മണ്ട് കൂട്ടിച്ചേർത്തു.
2023 ഏപ്രിൽ മുതൽ സുഡാന്റെ നിയന്ത്രണത്തിനായി ആർഎസ്എഫിനും സുഡാനീസ് സായുധസേനയ്ക്കും (എസ്എഎഫ്) ഇടയിൽ രൂക്ഷമായ യുദ്ധം തുടരുകയാണ്. ഒക്ടോബർ 26-ന് എസ്എഎഫ് പിൻവാങ്ങിയതിനെ തുടർന്ന് നോർത്ത് ഡാർഫറിലെ പ്രധാന നഗരം എൽ ഫാഷറിന്റെ നിയന്ത്രണം ആർഎസ്എഫ് പൂർണമായി കൈവശപ്പെടുത്തി.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, നഗരം പിടിച്ചെടുത്തതിനു പിന്നാലെ 70,000-ത്തിലധികം ആളുകൾ എൽ ഫാഷറിൽ നിന്നോ സമീപ പ്രദേശങ്ങളിൽ നിന്നോ ഒഴിഞ്ഞുപോയിട്ടുണ്ട്. വിചാരണയില്ലാത്ത കൊലപാതകങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, ക്രൂരമായ കൂട്ടക്കൊലകൾ തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ടുകളും മനുഷ്യാവകാശ സംഘടനകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
യേൽ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബ് ഒക്ടോബർ 28-ന് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ, നഗരത്തിൽ പലയിടത്തും മൃതദേഹങ്ങളുടെ കൂമ്പാരങ്ങളും രക്തച്ചാലുകളും വ്യക്തമായി കാണാമായിരുന്നു.
“നിലവിലെ അതീവ അസ്ഥിരാവസ്ഥ മൂലം ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സഹായങ്ങൾ നഗരത്തിലെ കുടുങ്ങിക്കിടക്കുന്നവരിലേക്ക് എത്തിക്കാൻ പോലും കഴിയുന്നില്ല,” എന്ന് യുഎൻ അഭയാർത്ഥി ഏജൻസിയുടെ മുതിർന്ന ഉദ്യോഗസ്ഥ ജാക്വലിൻ വിൽമ പാർലെവ്ലിറ്റ് വ്യക്തമാക്കി.
എൽ ഫാഷർ ആർഎസ്എഫ് പൂർണമായി പിടിച്ചെടുക്കുന്നതിന് മുൻപേ തന്നെ, 18 മാസത്തോളം നീണ്ട അർദ്ധസൈനിക ഉപരോധം നഗരത്തെ മുട്ടുകുത്തിച്ചിരുന്നതായും സുഡാനീസ് മാധ്യമപ്രവർത്തകൻ അബ്ദുള്ള ഹുസൈൻ പറഞ്ഞു.
Tag: Mass graves: The horrors of Sudan’s civil war



