കന്യാമറിയത്തെക്കുറിച്ചുള്ള പാരമ്പര്യ വിശേഷണങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ; “സഹ രക്ഷക”,“മധ്യസ്ഥ” എന്ന വിശേഷണങ്ങൾ ഉചിതമല്ല

കന്യാമറിയത്തെക്കുറിച്ചുള്ള പാരമ്പര്യ വിശേഷണങ്ങളിൽ വ്യക്തത വരുത്തി വത്തിക്കാൻ പുതിയ നിർദ്ദേശം പുറത്തിറക്കി. “സഹ രക്ഷക” എന്നും “മധ്യസ്ഥ” എന്നും വിളിക്കുന്നത് ഉചിതമല്ലെന്ന് കത്തോലിക്ക സഭ വ്യക്തമാക്കി. യേശുക്രിസ്തു മാത്രമാണ് ഏക രക്ഷകനും ഏക മധ്യസ്ഥനും എന്നതാണ് വത്തിക്കാന്റെ നിലപാട്.
കന്യാമറിയത്തെ സഹരക്ഷകയോ മധ്യസ്ഥയോ എന്ന് വിളിക്കുന്നത് ക്രിസ്തുവിന്റെ അതുല്യമായ മധ്യസ്ഥതയും രക്ഷകത്വവും അവ്യക്തമാക്കാൻ ഇടയുണ്ടെന്നതാണ് രേഖയുടെ മുന്നറിയിപ്പ്. അതിനാൽ “എല്ലാ കൃപകളുടെയും മധ്യസ്ഥ”, “സഹ രക്ഷക” തുടങ്ങിയ വിശേഷണങ്ങൾ ഒഴിവാക്കണമെന്നും വിശ്വാസികളോട് സഭ ആവശ്യപ്പെട്ടു. പകരം “വിശ്വാസികളുടെ മാതാവ്”, “ദൈവമാതാവ്”, “ദൈവജനത്തിന്റെ മാതാവ്” തുടങ്ങിയ പേരുകളാണ് ഉപയോഗിക്കേണ്ടതെന്ന് രേഖ വ്യക്തമാക്കുന്നു.
രക്ഷയുടെയും കൃപയുടെയും കർത്താവിനെ ലോകത്തിന് നൽകിയ അമ്മയാണ് പരിശുദ്ധ മറിയമെന്ന് വത്തിക്കാന്റെ രേഖ വിശദീകരിക്കുന്നു. നൂറ്റാണ്ടുകളായി സഭയ്ക്കുള്ളിൽ നിലനിൽക്കുന്ന വ്യത്യസ്ത അഭിപ്രായങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും തീർപ്പ് നൽകാനാണ് ഈ രേഖ തയ്യാറാക്കിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ലിയോ പതിനാലാമൻ പാപ്പായുടെ അംഗീകാരം ലഭിച്ച രേഖയിൽ, സഹരക്ഷകയെന്നോ മധ്യസ്ഥയെന്നോ ഉള്ള ശീർഷകങ്ങൾ ക്രിസ്തുവിനേയുള്ളതാണെന്ന് പുനർവ്യക്തമാക്കി. “കൃപകളുടെ മാതാവ്” പോലുള്ള ചില പ്രയോഗങ്ങൾ ദൈവമാതാവിന്റെ ആത്മീയ സ്ഥാനത്തെ സൂചിപ്പിക്കുന്നതായിക്കൊള്ളാമെങ്കിലും, ഇവ തെറ്റായ അർത്ഥങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്നും വത്തിക്കാൻ ചൂണ്ടിക്കാട്ടുന്നു.
Tag: Vatican clarifies traditional descriptions of the Virgin Mary; titles such as “Co-Rescuer” and “Mediatrix” are inappropriate



