മധ്യ ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്, 52 പേർ മരിച്ചതായി റിപ്പോർട്ടുകൾ

മധ്യ ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. പ്രകൃതിദുരന്തത്തിൽ 52 പേർ മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 13ഓളം പേരെ ഇതുവരെയും കാണാതായിരിക്കുകയാണ്. വെള്ളപ്പൊക്കത്താൽ അനേകം വീടുകൾ മുങ്ങിക്കിടക്കുന്നതിനാൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും അധികൃതർ അറിയിച്ചു. കാറുകൾ, ട്രക്കുകൾ, കണ്ടെയ്നറുകൾ തുടങ്ങിയവ വെള്ളത്തിന്റെ ശക്തിയിൽ ഒഴുകിപ്പോയതായും റിപ്പോർട്ടുകൾ പറയുന്നു.
സെബു പ്രവിശ്യയുടെ വലിയൊരു ഭാഗം മുഴുവനായും വെള്ളത്തിനടിയിലാണ്. നാല് ലക്ഷത്തോളം പേരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി സിവിൽ ഡിഫൻസ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലജാണ്ട്രോ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൽമേഗി ചുഴലിക്കാറ്റ് ഇപ്പോൾ വിയറ്റ്നാം ഭാഗത്തേക്ക് നീങ്ങുകയാണെന്നും അവിടെ കനത്ത മഴ പെയ്യുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എത്തിയ ഫിലിപ്പീൻസ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ വടക്കൻ മിൻഡാനോ ദ്വീപിൽ തകർന്നു വീണതിനെ തുടർന്ന് ആറ് സൈനികർ മരിച്ചതായി എയർഫോഴ്സ് സ്ഥിരീകരിച്ചു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.
Tag: Typhoon Kalmegi wreaks havoc in central Philippines, 52 dead, reports say



