keralaKerala NewsLatest News

ആരോഗ്യവകുപ്പിൽ 202 പുതിയ ഡോക്ടർ തസ്തികകൾ, 36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് ഇൻക്രിമെന്റുകൾ മന്ത്രിസഭ യോ​ഗത്തിലെ തീരുമാനങ്ങൾ ഇങ്ങനെ

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളും സർക്കാർ ആശുപത്രികളും നേരിടുന്ന ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. ആരോഗ്യവകുപ്പിൽ 202 പുതിയ ഡോക്ടർ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലും പുതുതായി തസ്തികകൾ ഉണ്ടാകും.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായുള്ള കേരള സംസ്ഥാന കമ്മീഷൻ പുനഃസംഘടിപ്പിച്ചു. ഹൈക്കോടതി വിരമിച്ച ജഡ്ജി സി. എൻ. രാമചന്ദ്രൻ നായർ ചെയർമാനായും തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊട്ടാരക്കര സ്വദേശി ജി. രതികുമാർ എന്നിവർ അംഗങ്ങളായും നിയമിതരായി.

36-ാമത് ദേശീയ ഗെയിംസിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് ഇൻക്രിമെന്റുകൾ അനുവദിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. ഫെൻസിംഗ് ഇനത്തിൽ സ്വർണമെഡൽ നേടിയ അവതി രാധികാ പ്രകാശിന് മൂന്ന് ഇൻക്രിമെന്റും സ്വിമ്മിംഗ് ഇനത്തിൽ വെള്ളിമെഡൽ നേടിയ ഷിബിൻ ലാൽ എസ്.എസ്.-ന് രണ്ട് ഇൻക്രിമെന്റും ലഭിക്കും. കേരള പോലീസ് അക്കാദമിയിലും റാപ്പിഡ് റെസ്‌പോൺസ് ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിലും രണ്ട് വീതം ആർമ്മറർ പോലീസ് കോൺസ്റ്റബിൾ തസ്തികകൾ സൃഷ്ടിക്കും.

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർമാരായി വി.എസ്. ശ്രീജിത്ത്, ഒ.വി. ബിന്ദു, എം.എസ്. ബ്രീസ്, ജിമ്മി ജോർജ് എന്നിവരെ നിയമിച്ചു. ഗവൺമെന്റ് പ്ലീഡർമാരായി രാജി ടി. ഭാസ്‌കർ, ജനാർദ്ദന ഷേണായ്, എ.സി. വിദ്യ, അലൻ പ്രിയദർശി ദേവ്, ശില്പ എൻ.പി., നിമ്മി ജോൺസൻ എന്നിവരും നിയമിതരായി. സംസ്ഥാനത്തെ ഡിജിറ്റൽ റീ സർവേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ചെലവുകൾ 2026 മാർച്ച് 31 വരെ റീബിൽഡ് കേരള ഇൻഷിയേറ്റീവ് ഫണ്ടിൽ നിന്നായി 50 കോടി രൂപ അനുവദിക്കും.

ശമ്പള പരിഷ്‌ക്കരണം

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌ക്കരണം 2016 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കെൽട്രോണിലെ എക്സിക്യൂട്ടീവ്, സൂപ്പർവൈസറി വിഭാഗങ്ങളിലെ ജീവനക്കാർക്ക് 2017 ഏപ്രിൽ 1 മുതൽ ശമ്പള പരിഷ്‌ക്കരണം ലഭിക്കും.

പുനർനിയമനം

സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിലർമാരായ സി.കെ. ശശിയും നിഷെ രാജൻ ഷോങ്കറും 2025 ജൂലൈ 23 മുതൽ മൂന്ന് വർഷത്തേക്ക് പുനർനിയമിതരായി.

സേവന ദീർഘിപ്പിക്കൽ

കേരള റബ്ബർ ലിമിറ്റഡിന്റെ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഷീല തോമസിന്റെ സേവന കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എം.ഡി. ജോൺ സെബാസ്റ്റ്യന്റെ സേവനകാലവും ദീർഘിപ്പിച്ചു.

ഭേദഗതി & ഗ്യാരന്റി

അഴീക്കൽ തുറമുഖ വികസന പദ്ധതിയുമായി ബന്ധപ്പെട്ട ധനവകുപ്പ് അനുമതിയോടെ ചില നിബന്ധനകൾ ഭേദഗതി ചെയ്യും. സംസ്ഥാന വനിതാ വികസന കോർപ്പറേഷനു 300 കോടി രൂപയുടെ അധിക സർക്കാർ ഗ്യാരന്റി 15 വർഷത്തേക്ക് അനുവദിക്കും.

ഭൂമിപാട്ടം

ഇടുക്കി ആർച്ച് ഡാമിനോട് ചേർന്നുള്ള രണ്ട് ഏക്കർ ഭൂമി കെഎസ്എഫ്ഡിസിക്ക് തീയേറ്റർ സമുച്ചയം നിർമിക്കാൻ പാട്ടത്തിന് നൽകും. ഏക്കറിന് പ്രതിവർഷം 100 രൂപ നിരക്കിൽ 10 വർഷത്തേക്കാണ് കരാർ.

Tag: 202 new doctor posts in the Health Department, increments for athletes who participated in the 36th National Games

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button