”ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസു അറസ്റ്റിലായാൽ മന്ത്രിമാരും സിപിഎം നേതാക്കളും ഉൾപ്പെടെ പലരും കുടുങ്ങും”- വി.ഡി. സതീശൻ

ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. വാസു അറസ്റ്റിലായാൽ മന്ത്രിമാരും സിപിഎം നേതാക്കളും ഉൾപ്പെടെ പലരും കുടുങ്ങുമെന്നത് വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകുന്നതിൽ ദേവസ്വം ബോർഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന ഹൈക്കോടതി നിരീക്ഷണം പ്രതിപക്ഷം തുടർച്ചയായി ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. ശബരിമലയിലെ പ്രധാന ചുമതലകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്ന ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2018 മുതൽ 2025 വരെ ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പുകൾ അന്വേഷണ പരിധിയിൽ വന്ന സാഹചര്യത്തിൽ നിലവിലെ ദേവസ്വം ബോർഡിന് സ്ഥാനത്ത് തുടരാൻ യാതൊരു നൈതികാവകാശവുമില്ലെന്നും സതീശൻ പറഞ്ഞു. കൊള്ളസംഘത്തെ പുറത്താക്കുന്നതിനുപകരം അവരുടെ കാലാവധി നീട്ടാനുള്ള സർക്കാർ-സിപിഎം നീക്കം സ്വർണ്ണക്കൊള്ളയിൽ ഉന്നതതല പങ്ക് മറച്ചുവയ്ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വർണം പൊതിഞ്ഞ കട്ടിലപ്പാളികൾ രേഖകളിൽ ചെമ്പായി കാണിച്ച സംഭവം എൻ. വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. സ്വർണം ബാക്കിയുണ്ടെന്നും വിവാഹ ആവശ്യത്തിന് ഉപയോഗിക്കാമെന്നുമുള്ള ഇമെയിൽ 2019 ഡിസംബർ 9-ന് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വാസുവിന് അയച്ചതും വാസു തന്നെ സ്ഥിരീകരിച്ചതുമാണ്.
“രണ്ടുതവണ ദേവസ്വം കമ്മിഷണറായും പിന്നീട് ബോർഡ് പ്രസിഡന്റായും വാസു പ്രവർത്തിച്ചതിൽ നിന്ന് അദ്ദേഹത്തിന് സിപിഎമ്മിലും സർക്കാരിലും വൻ സ്വാധീനമുണ്ടെന്ന് വ്യക്തമാണ്. വാസു കുടുങ്ങിയാൽ മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്ന് സാധാരണ ബുദ്ധിയുള്ള ഏവർക്കും മനസ്സിലാകും,” — വി.ഡി. സതീശൻ പറഞ്ഞു.
Tag: If former Devaswom Board president N. Vasu is arrested, many people including ministers and CPM leaders will be trapped V.D. Satheesan



