മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് സർവീസ് നടത്താൻ ജില്ലാ കളക്ടറുടെ അനുമതി

മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് സർവീസ് നടത്താൻ തടസ്സമില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്തെ ടാക്സികളും ഓഫ്‌റോഡ് ജീപ്പുകളും നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിനോദസഞ്ചാരികളെ ആക്രമിച്ച ടാക്സി ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്‌പെൻഡ് ചെയ്യാനും വാഹന പെർമിറ്റുകൾ റദ്ദാക്കാനും നടപടികൾ ആരംഭിച്ചിരിക്കുകയാണ്.
അതേസമയം, പ്രതികൾക്ക് പരസ്യ പിന്തുണയുമായി ബിജെപി രംഗത്തിറങ്ങി. പ്രതികളായ പാർട്ടി പ്രവർത്തകരുടെ പിന്തുണയ്ക്കായി ബിജെപി മൂന്നാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മുംബൈ സ്വദേശിനിയായ ജാൻവിക്ക് മൂന്നാറിൽ നേരിട്ട ദുരനുഭവം വ്യാപകമായ ചർച്ചയാകുകയും വിനോദസഞ്ചാര മേഖലയെ ബാധിക്കുകയും ചെയ്തതിനെത്തുടർന്നാണ് അധികൃതർ അടിയന്തര നടപടികളിലേക്ക് കടന്നത്. ജാൻവിയെ ഭീഷണിപ്പെടുത്തിയ ഡ്രൈവർമാരുൾപ്പെടെ ഏകദേശം 20 പേരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വാഹന പെർമിറ്റുകൾ റദ്ദാക്കാനുള്ള നടപടിയും പുരോഗമിക്കുകയാണ്. മൂന്നാറിൽ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏകീകൃത സംവിധാനമായ ടൂറിസ്റ്റ് പൊലീസ് വിഭാഗം രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാകുന്ന സാഹചര്യമാണ്.
Tag: District Collector’s permission to operate online taxi services in Munnar



