ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം (SIT) ചോദ്യം ചെയ്യും. സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയ സംഭവത്തിൽ ദേവസ്വം ബോർഡിന്റെ പങ്ക് വ്യക്തമാക്കുകയാണ് അന്വേഷണത്തിന്റെ ലക്ഷ്യം. ബോർഡിന്റെ മുൻ പ്രസിഡന്റ് എൻ. വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്.
ദ്വാരപാലക ശിൽപത്തിലും കട്ടില്പാളിയിലും അടങ്ങിയിരിക്കുന്ന സ്വർണ്ണത്തിന്റെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഹൈക്കോടതി 10 ദിവസത്തിനകം പരിശോധന പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കും. അന്വേഷണസംഘത്തിന്റെ നിലപാട് ഇതുവരെ കോടതി കേട്ടിട്ടില്ലാത്തതിനാൽ, ജാമ്യാപേക്ഷയുടെ പരിഗണന നീട്ടിയേക്കാമെന്ന സൂചനയുണ്ട്. സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിനായി ഹൈക്കോടതി നൽകിയ നിർദ്ദേശം റാന്നി കോടതിയിൽ എസ്.ഐ.ടി ബോധിപ്പിക്കും. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഇതുവരെ ഉത്തരവില്ല.
ദേവസ്വം ബോർഡിന്റെ മുൻ അംഗമായ എൻ. വിജയകുമാറിനെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തന്നെ കാര്യങ്ങൾ ചെയ്തതാണെന്ന് വിജയകുമാർ മൊഴിയിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. എൻ. വാസുവിന്റെ മൊഴിയും അന്വേഷണസംഘം വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുന്നു.
Tag: Sabarimala gold theft case; SIT to question former Devaswom Board president A. Padmakumar



