“എന്റെ ചിത്രം വോട്ടിനായി?” ഹരിയാന ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് ബ്രസീലിയൻ മോഡൽ ലാരിസ ബൊനേസി

വോട്ട് ക്രമക്കേടിനായി തന്റെ ചിത്രം ഉപയോഗിച്ചെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയായി ബ്രസീലിയൻ മോഡൽ ലാരിസ ബൊനേസി. 2024-ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ ചിത്രം ഉപയോഗിച്ച് 10 ബൂത്തുകളിൽ 22 വോട്ടുകൾ ചേർത്തുവെന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയതിനെത്തുടർന്നാണ് ലാരിസയുടെ പ്രതികരണം.
ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ തന്റെ പഴയ ചിത്രം ദുരുപയോഗം ചെയ്തുവെന്ന വിവരം അറിഞ്ഞപ്പോൾ ഞാൻ ഞെട്ടി. “ ഏറെ വർഷങ്ങൾ മുമ്പ് എടുത്ത ചിത്രമാണത്. അന്ന് ഞാൻ വളരെ ചെറുപ്പമായിരുന്നു. ഇപ്പോൾ അവർ ആ ചിത്രം ഇന്ത്യയിലെ വോട്ടിനായി ഉപയോഗിക്കുന്നു. പരസ്പരം പോരാടാൻ അവർ എന്റെ ചിത്രം ഉപയോഗിക്കുന്നതെന്തൊരു ഭ്രാന്തമാണ്!” എന്നായിരുന്നു ലാരിസ പങ്കുവച്ച വീഡിയോയിലുള്ള പ്രതികരണം.
ഹരിയാനയിലെ വോട്ട് കൊള്ളയെക്കുറിച്ച് രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ‘സ്വീറ്റി’, ‘സരസ്വതി’, ‘സീമ’ എന്നീ വ്യത്യസ്ത പേരുകളിലാണ് ലാരിസയുടെ ചിത്രം 22 വോട്ടർമാരുടെ പേരിൽ ഉപയോഗിക്കപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ഓപ്പറേഷൻ വോട്ട് ചോരി’ അഥവാ ‘എച്ച് ഫയൽസ്’ എന്ന പേരിൽ രാഹുൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായത്.
കഴിഞ്ഞ മാസങ്ങളിൽ കര്ണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ട് മോഷണങ്ങൾക്കുശേഷം, ഒരു സംസ്ഥാനത്തെ മുഴുവൻ വ്യാപിച്ച് നടന്ന വോട്ടുകൊള്ളയാണിതെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ എന്നിവരെയാണ് അദ്ദേഹം നേരിട്ട് കുറ്റപ്പെടുത്തിയിരുന്നത്. ബിഹാറിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സൂചനയുണ്ടെന്നും, അതിന്റെ വിവരങ്ങൾ ലഭിക്കുന്നതോടെ പുറത്ത് കൊണ്ടുവരുമെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, വോട്ടെടുപ്പിന് മുൻപേ തന്നെ ബിഹാറിലെ പരാജയം രാഹുൽ ഗാന്ധി സമ്മതിച്ചതായാണ് ബിജെപിയുടെ പ്രതികരണം.
Tag: Brazilian model Larissa Bonesi responds to Haryana irregularities allegations



