ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെ. പി. ശങ്കരദാസിനെ എസ്.ഐ.ടി ചോദ്യം ചെയ്തു

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ. പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യം ചെയ്തു. തന്ത്രി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തീരുമാനിച്ച കാര്യങ്ങളാണ് ബോർഡ് ശബരിമലയിൽ നടപ്പാക്കിയതെന്ന് ശങ്കരദാസ് മൊഴിയിൽ വ്യക്തമാക്കി. എ. പത്മകുമാർ അധ്യക്ഷനായിരുന്ന ഭരണസമിതിയിൽ സിപിഐ പ്രതിനിധിയായി ശങ്കരദാസ് അംഗമായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നില്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക നേട്ടങ്ങളൊന്നും താൻ നേടിയിട്ടില്ലെന്നും ശങ്കരദാസ് പറഞ്ഞു. 2019-ൽ ശബരിമല ശ്രീകോവിലിലെ സ്വർണ കട്ടിളപ്പാളിയും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളിയും ചെമ്പായി മാറിയെന്ന രേഖയിൽ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്വർണത്തിന്റെ തിളക്കം കുറഞ്ഞതിനാൽ വീണ്ടും സ്വർണം പൂശണമെന്നതാണ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്, അതാണ് ബോർഡ് അംഗീകരിച്ചതും,” എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ശങ്കരദാസിനൊപ്പം ബോർഡിലെ മറ്റൊരു മുൻ അംഗമായ എൻ. വിജയകുമാറിനെയും എസ്.ഐ.ടി ചോദ്യം ചെയ്തു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്ന് ചോദ്യം ചെയ്യാനാണ് സാധ്യത. കേസിലെ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനും അന്വേഷണസംഘം ഒരുങ്ങുന്നുണ്ട്.
Tag: Sabarimala gold theft; SIT questions former Devaswom Board member K. P. Shankaradas



