സന്ദീപിനെയും, സ്വപ്നയേയും കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു, ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട്.

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും അഞ്ചു ദിവസം കസ്റ്റംസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവായി. അടുത്തമാസം ഒന്നുവരെയാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. സ്വപ്നയെയും സന്ദീപിനെയും ആദ്യമായാണ് കസ്റ്റംസ് കസ്റ്റഡിയിലെടുക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ഉത്തരവിട്ടു. പ്രതികളെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിക്കാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.
യു എ ഇ കോൺസുലേറ്റിലെ ദൃശ്യങ്ങൾ ഹാജരാക്കാനും കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതിചേർത്തുകൊണ്ടുളള റിപ്പോർട്ട് കസ്റ്റംസ് തിങ്കളാഴ്ച കോടതിക്ക് നൽകിയിരുന്നു. വിദേശത്തുളള പ്രതികളെ ഇന്ത്യയിലെത്തിക്കാനും കസ്റ്റംസ് അപേക്ഷ നൽകിയിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിലെ മറ്റ് നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തളളി. ഹംജദ് അലി, സംജു, മുഹമ്മദ് അൻവർ, മുഹമ്മദ് അബു ഹാഷിം എന്നിവരുടെ അപേക്ഷകളാണ് കോടതി തളളിയത്. അതേസമയം, ശിവശങ്കറിന്റെ ടെലിഗ്രാം, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളെല്ലാം പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.