ഒക്‌സ്ഫഡ് വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടത്ത്, കോവിഡിനെ തളക്കാമെന്ന ശുഭപ്രതീക്ഷയിൽ ലോകം.

ഓക്‌സ്ഫഡ്-അസ്ട്രാസെനക എന്ന കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള അവസാനഘട്ട പരീക്ഷണം ഇന്ത്യയില്‍ അഞ്ചിടത്തു നടത്തും. ബയോടെക്‌നോളജി വകുപ്പ് (ഡിബിടി) സെക്രട്ടറി രേണു സ്വരൂപ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വാക്‌സിന്‍ ജനങ്ങളിലേക്കെത്തും മുന്‍പ് വിവിധയിടങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നു രേണു സ്വരൂപ് പറഞ്ഞു. വാക്‌സിന്‍ തയാറായാല്‍ അതു നിര്‍മിക്കാനായി ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ, പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെയാണ് ചുമതലപ്പെടുത്തുന്നത്.
വാക്സിൻ വികസിപ്പിക്കുന്നതിന്റെ അവസാനപടിയായ മൂന്നാംഘട്ട പരീക്ഷണത്തിനായി ഡിബിടി അഞ്ച് സൈറ്റുകള്‍ തയാറാക്കിയതായി രേണു സ്വരൂപ് അറിയിച്ചിട്ടുണ്ട്. എല്ലാ വാക്‌സിന്‍ നിര്‍മാതാക്കളുമായി ചേര്‍ന്നാണ് ഡിബിടി പ്രവര്‍ത്തിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട പരീക്ഷണം ഏറെ നിര്‍ണായകമാണ്. പരീക്ഷണം വിജയകരമാകുന്നതോടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിക്കുക എന്നത് ഏറെ അനിവാര്യമാണെന്നും രേണു സ്വരൂപ് പറഞ്ഞിട്ടുണ്ട്. വാക്‌സിന്‍ സുരക്ഷിതമാണെന്നും മനുഷ്യശരീരത്തില്‍ പ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കാന്‍ സഹായകരമാണെന്നും ജൂലൈ 20-നാണ് ഗവേഷകര്‍ ആദ്യം പ്രഖ്യാപിക്കുന്നത്.
ഓക്സ്ഫഡ് വാക്സിൻ ഇന്ത്യയിൽ നിർമിക്കാൻ പൂനൈ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ബ്രിട്ടിഷ്–സ്വീഡിഷ് ഔഷധക്കമ്പനിയായ അസ്ട്രസെനക്കയുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം ഇന്ത്യയിലും നടത്തുന്നതിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ (ഡിസിജിഐ) അനുമതി തേടിയിരുന്നു. വാക്സിന്റെ ആദ്യ രണ്ട് ഘട്ട പരീക്ഷണ ഫലങ്ങൾ വിജയകരമായിരുന്നതായി ഈ മാസം ആദ്യം തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യ 2 ഘട്ടങ്ങള്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലെ പരീക്ഷണമാണ് മൂന്നാംഘട്ടത്തില്‍ ഇപ്പോൾ നടക്കാൻ പോകുന്നത്. വാക്‌സിന്റെ ഫലപ്രാപ്തിയും പ്രതിരോധശേഷി നിലനില്‍ക്കുന്ന കാലയളവും നിര്‍ണയിച്ച്, വ്യാപകമായി ഉപയോഗിക്കാനാകുമോ എന്നു തീരുമാനിക്കുന്നത് മൂന്നാം ഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ വളരെ കുറച്ച് ആളുകള്‍ക്കു വാക്‌സിന്‍ നല്‍കിയ ശേഷം, അതു സുരക്ഷിതമാണോ എന്ന പരിശോധനയാണു നടന്നത്. രണ്ടാം ഘട്ടത്തില്‍ കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ വിവിധ ഗ്രൂപ്പുകളാക്കി ആയിരത്തിലധികം ആളുകള്‍ക്കു വാക്‌സിന്‍ നല്‍കി. ഇവരില്‍ അത് ഏതൊക്കെ തരത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നു നിര്‍ണയിക്കുകയും ചെയ്തു. ആദ്യ 2 ഘട്ടങ്ങള്‍ വിജയകരമായെന്നു വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ ഇത് സംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 1077 പേര്‍ക്കാണ് സാധ്യതാ വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ 90% പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടു. ഗുരുതര പാർശ്വഫലങ്ങളും ഉണ്ടായില്ല.