ഷാജി കോടന്‍കണ്ടത്തിന്റെ പരാതി ഫലം കണ്ടു, വിമാനത്താവളങ്ങളിലെ ചായക്കൊള്ളക്ക് അറുതിയായി.

വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക്, തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്ത് അറുതി വരുത്തി. 100 രൂപയ്ക്ക് മുകളിലായിരുന്ന ചായവില 15 രൂപയായി കുറയും. ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുപലഹാരങ്ങളും കിട്ടുമെന്ന അവസ്ഥവരും.
തൃശൂര്‍ സ്വദേശി അഡ്വ. ഷാജി കോടന്‍കണ്ടത്ത് പ്രധാനമന്ത്രിക്ക് അയച്ച കത്തിനെ തുടര്‍ന്നാണ് നടപടി ഉണ്ടാകുന്നത്.
‘2019 മാർച്ചിൽ ഡൽഹിയിലേക്കു പോകാനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തുകയുണ്ടായി. തുച്ഛമായ പണം മാത്രമാണ് എന്റെ കയ്യിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ മൂന്നോ നാലോ കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. അതിൽ ഒന്നിൽ ഒരു ബ്ലാക് ടീയ്ക്ക് 150 രൂപയാണ് ആവശ്യപ്പെട്ടത്. ഒരു ഗ്ലാസിൽ ചൂടുവെള്ളത്തിൽ ഒരു ടീ ബാഗ് ഇട്ടു തരുന്നതിനാണ് 150 രൂപ അവർ ചോദിച്ചത്. മറ്റൊരു കൗണ്ടറിൽ ചായയ്ക്കും കാപ്പിക്കും 100 രൂപ വീതമാണ് അവർ ഈടാക്കുന്നത്.’വിമാനത്താവളത്തിലെ കൊള്ളയ്ക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങാനുണ്ടായ സാഹചര്യം ഷാജി ഒരു മലയാള മാധ്യമത്തോട് പറഞ്ഞു. ഒന്നോ രണ്ടോ മണിക്കൂർ വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരുമ്പോൾ ഒരു ചായ അല്ലെങ്കിൽ കാപ്പി കുടിക്കാൻ 200, 100 രൂപയൊക്കെ ചെലവാക്കേണ്ട അവസ്ഥയിലായിരുന്നു യാത്രക്കാര്‍. 200 ഉം 300 രൂപ യൂസേഴ്സ് ഫീ കൊടുത്തിട്ടാണ് വിമാനത്താവളത്തിനകത്തു പ്രവേശിക്കുന്നത്. തുടർന്ന് വീണ്ടും ഒരു ചായയ്ക്കു നൂറു രൂപയിലധികം കൊടുക്കേണ്ടി വരുന്നത് അനീതി തന്നെയായിരുന്നു.2019 ഏപ്രില്‍ മാസത്തിലാണ് പ്രധാനമന്ത്രിയ്ക്കും സിവില്‍ ഏവിയേഷന്‍ മന്ത്രിയ്ക്കും രജിസ്റ്റേര്‍ഡ് തപാലി ഷാജി പരാതി അയക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും മറുപടി വന്നു. തുടര്‍ നടപടിയുണ്ടാകുമെന്നു കത്തില്‍ ഉണ്ടായിരുന്നു. അവര്‍ വ്യോമയാന മന്ത്രാലയത്തിനു കത്തു കൈമാറി. തുടർന്ന് ഇന്ത്യയിലെ മുഴുവന്‍ വിമാനത്താവളങ്ങളിലേക്കു സന്ദേശം അയച്ചു. തുടര്‍ന്ന് സിയാല്‍ സീനീയര്‍ മാനേജരാണ് 20 രൂപയ്ക്കു കാപ്പിയും 15 രൂപയ്ക്കു ചായയും 15 രൂപയ്ക്കു സ്നാക്സും നല്‍കുമെന്ന് വെബ്സൈറ്റില്‍ അറിയിക്കുന്നത്.