ബാലഭാസ്കറിന്റെ മരണം : സി ബി ഐ തയാറാക്കിയ എഫ് ഐ ആർ സമർപ്പിച്ചു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് സി ബി ഐ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് എഫ് ഐ ആർ സ്വീകരിച്ചത്.
മരണത്തിൽ ദുരൂഹതയുണ്ടെന്നും, അപകടത്തിൽ സ്വർണക്കടത്ത് സംഘത്തിന്റെ ബന്ധമുണ്ടെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ചിൽ നിന്നും കേസ് സി ബി ഐ ഏറ്റെടുത്തത്.
2018 സെപ്റ്റംബർ 25നായിരുന്നു വാഹനാപകടം നടന്നത്. അപകടത്തിൽ ദുരൂഹതകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു ഫോറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചിന്റെ നിലപാട്. ദൃക്‌സാക്ഷികളുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് സംശയത്തിന് ഇടയാക്കിയത്.
സ്വർണക്കടത്ത് കേസിൽപെട്ടവർക്ക് അപകടമരണവുമായി ബന്ധമുണ്ടെന്ന് കുടുംബം നേരത്തെ തന്നെ സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഈ വാദങ്ങൾ നിലനിൽക്കെയാണ് ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന വിഷ്ണു, പ്രകാശ് തമ്പി എന്നിവർ സ്വർണക്കടത്ത് കേസിൽ പിടിയിലായത്.
അപകടം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തിൽ ചിലരെ കണ്ടുവെന്നുള്ള കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ അന്വേഷണസംഘം ആദ്യം പരിഗണിച്ചില്ലെങ്കിലും, തുടരന്വേഷണത്തിന്റ ഭാഗമായി ഡി ആർ ഒ സോബിയെ വിളിച്ചു വരുത്തി നടത്തിയ ചോദ്യം ചെയ്യലിൽ അപകടസ്ഥലത്തുണ്ടായിരുന്ന ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചത് കേസിന് മറ്റൊരു വഴിത്തിരിവായി. അപകടസ്ഥലത്തുകൂടി പോയികൊണ്ടിരുന്ന സോബിയോട് വാഹനം നിർത്താതെ പോകാൻ പറഞ്ഞ ഒരാളിനെ ഫോട്ടോയിൽ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബാലഭാസ്കറിന്റെ മരണവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്നുള്ള നിഗമനത്തിൽ അവസാനിപ്പിച്ച അന്വേഷണമാണ് പുനരാരംഭിക്കുന്നത്. വിശദമായ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ കഴിയുമെന്നും, സത്യം പുറത്തുവരുമെന്നുമാണ് വിലയിരുത്തൽ.