ഓസ്ട്രേലിയ – വിൻഡീസ് ടി ട്വന്റി പരമ്പര മാറ്റിവെച്ചു
August 4, 2020
വിൻഡീസിനെതിരെ ഒക്ടോബർ മാസം നടത്താനിരുന്ന ടി ട്വന്റി ക്രിക്കറ്റ് പരമ്പരകൾ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച് ഓസ്ട്രേലിയ. ഇരു ബോർഡുകളും തമ്മിൽ ചൊവ്വാഴ്ച രാവിലെ നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം.
ഒക്ടോബർ 4, 6, 9 തീയതികളിലായി 3 ദിവസമാണ് ടി ട്വന്റി പരമ്പര നടക്കേടണ്ടിയിരുന്നത്. ഒക്ടോബർ - നവംബർ മാസങ്ങളിൽ ഓസ്ട്രേലിയ വേദിയാകുന്ന ടി ട്വന്റി ലോകകപ്പിനുള്ള മുന്നൊരുക്കമായാണ് ഈ പരമ്പര നേരത്തെ നിശ്ചയിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത അവസരത്തിൽ ടി ട്വന്റി ലോകകപ്പ് അടുത്ത വർഷത്തേക്ക് മാറ്റിവച്ചിരുന്നു. അതിന് സമാനമായാണ് മത്സര പരമ്പരകളും ഇപ്പോൾ മാറ്റിയിരിക്കുന്നത്.
ഇന്ത്യയുമായും ഓസ്ട്രേലിയ ഒക്ടോബർ 11, 14, 17 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്ന് ടി ട്വന്റി പരമ്പരകളും നടക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ ഐ പി എൽ മത്സരങ്ങൾ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടത്താൻ ബി സി സി ഐ പദ്ധതിയിട്ടത് ഈ പരമ്പരക്ക് തിരിച്ചടിയായി.
ഡിസംബർ - ജനുവരി മാസങ്ങളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനൊപ്പം തന്നെ ടി ട്വന്റി മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കരുതുന്നു. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഉള്ള പരമ്പരയിൽ ഒരു ടെസ്റ്റ് പകലും രാത്രിയുമായാണ് നടക്കുക.