യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ജാസ്മിൻ ഷാ അടക്കം നാല് പേർ അറസ്റ്റിൽ.

യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ സംഘടനയുടെ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ നാല് പേർ തൃശ്ശൂരിൽ അറസ്റ്റിലായി. ജാസ്മിൻ ഷാ, ഷോബി, നിതിൻ, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ജാസ്മിൻ ഷാ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്തിനു പിറകെയാണ് പ്രതികൾ അറസ്റ്റിലാവുന്നത്.
യുഎൻഎയുടെ ഫണ്ടിൽ മൂന്നരക്കോടിയോളം രൂപയുടെ അഴിമതി നടന്നതായിട്ടാണ് ആരോപണം ഉണ്ടായത്. മുൻ യുഎൻഎ വൈസ് പ്രസിഡന്റ് സിബി മുകേഷാണ് പരാതിക്കാരൻ. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്ന് കാണിച്ചായിരുന്നു സിബി പരാതി നൽകിയിരുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നിരുന്നതായി വന്നിരുന്നെങ്കിലും, അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപ മാത്രമായിരുന്നു. അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപയും സംഘടനയുടെ പേരിലുള്ള അക്കൗണ്ടുകളിൽ എത്തിയിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയിട്ടുള്ളതായിട്ടാണ് ആരോപണം ഉന്നയിച്ചിരുന്നത്.
ഈ കേസ് ആദ്യം അന്വേഷിച്ച തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സാമ്പത്തിക ക്രമക്കേട് ഉണ്ടായിട്ടില്ല എന്ന് ഇടക്കാല റിപ്പോർട്ട് നൽകിയത് തുടർന്ന് വിവാദമായി. ഈ റിപ്പോർട്ടിനെ ചൊല്ലി ആക്ഷേപങ്ങൾ ഉയർന്നപ്പോൾ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റർ ചെയ്യേണ്ട അവസ്ഥ ഉണ്ടാവുകയായിരുന്നു.